റിയാദ്: നുസുക് ആപ്പ് വഴി വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉംറ വിസക്ക് ഏജന്റുമാരുടെ സഹായമില്ലാതെ അപേക്ഷിക്കാന്‍ കഴിയുന്ന സൗകര്യമൊരുക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഇതിനുള്ള സൗകര്യം ഇന്നലെ (ഓഗസ്റ്റ് 21) മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉംറ വിസക്ക് വിദേശത്ത് നിന്നും ഏജന്റുമാരില്ലാതെ നേരിട്ട് അപേക്ഷിക്കാനുള്ള ഏറെ സൗകര്യപ്രദമായ പദ്ധതിയാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അവതരിപ്പിച്ചത്. വിസയോടൊപ്പംതന്നെ ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും അപേക്ഷിക്കാനാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ ചെയ്യുവാനായി സൗദി അറേബ്യയില്‍ എത്തുന്നവര്‍ക്കായി നുസുക് ആപ്പ് മികച്ചതും വ്യത്യസ്തവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തിയതായും സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
|
എങ്ങിനെ അപേക്ഷിക്കാം?
മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ഉംറ പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ഉംറ വിസയോടൊപ്പം മറ്റു അനുബന്ധ സേവനങ്ങള്‍ക്കും പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാന്‍ സാധിക്കും.
https://umrah.nusuk.sa/ എന്ന ലിങ്ക് വഴി സൈറ്റില്‍ പ്രവേശിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
ഉംറ വിസ, താമസം, ഗതാഗതം, ചരിത്രസ്ഥല സന്ദര്‍ശനം, മറ്റു സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ പാക്കേജോ നിശ്ചിത സേവനങ്ങള്‍ മാത്രമോ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
അറബിക്ക് പുറമെ ഇംഗ്ലീഷ്, ജര്‍മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.
സേവനങ്ങള്‍ക്കുള്ള പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ തിരഞ്ഞെടുക്കാനായി തീര്‍ഥാടകന്റെ രാജ്യത്തെ അംഗീകൃത ഏജന്റുമാരുടെ വിവരങ്ങളും ആപ്ലിക്കേഷന്‍ വഴി ലഭ്യമാകുമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
In short: Ministry of Hajj and Umrah launched the Nusuk Umrah service enabling Umrah pilgrims based outside the Kingdom to directly apply for an Umrah visa and book services online without intermediaries. Available on https://umrah.nusuk.sa/, the platform aims to improve service quality and enrich the pilgrim experience, Saudi Press Agency reported.





