അമ്പലപ്പുഴ ഒറ്റപ്പനയില്‍ ഹംലത്ത് എന്ന മധ്യവയസ്സായ സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അബൂബക്കര്‍ എന്ന മസ്ജിദ് ജീവനക്കാരനെ കുടുക്കിയതിനെതിരേ കുടുംബം. ഹംലത്തിന്റെ വീട്ടിലേക്ക് മഹല്ലിന്റെ കത്ത് കൊടുക്കാന്‍ പോയ അബൂബക്കറിനെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കി കുടുക്കുകായിരുന്നുവെന്ന് മകന് പറഞ്ഞു.
|
വിവാഹ മോചിതയായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിന് സര്‍ക്കാര്‍ അഗതികള്‍ക്കായി നല്‍കിയിരുന്ന പെന്ഷന് കിട്ടിയിരുന്നു. ഇതു തുടര്‍ന്നും കിട്ടുന്നതിനു ജമാഅത്ത് കമ്മിറ്റിയുടെ കത്തിനായി ഹംലത്ത് തോട്ടപ്പള്ളി മുസ്ലിം ജമാഅത്തിനെ കഴിഞ്ഞ ദിവസം സമീപിച്ചു. ജമാഅത്ത് കമ്മിറ്റി തയ്യാറാക്കിയ കത്ത് കൊടുക്കാനാണ് കൊല നടന്ന ദിവസം അബൂബക്കര്‍ ഹംലത്തിന്റെ വീട്ടിലെത്തിയത്.
ഈ സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് പോലീസ് അബൂബക്കറിന്റെ മേല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അബൂബക്കര്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് അവകാശപ്പെട്ടിരുന്നു. ഹംലത്തിനെ അബൂബക്കര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഉള്‍പ്പെടെ കഥകള്‍ മെനഞ്ഞിരുന്നു. അബൂബക്കറിനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണോ അതല്ല പോലീസ് വ്യാജ അവകാശവാദം ഉന്നയിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല.
എന്നാല്‍, പിന്നീട് യഥാര്‍ത്ഥ പ്രതികള്‍ ഹംലത്തിന്റെ ഫോണ്‍ ഉപയോഗിച്ചതോടെയാണ് പോലീസിന് കഥ മാറ്റിപ്പറയേണ്ടി വന്നത്. മോഷണക്കേസ് പ്രതിയായ സൈനുല്‍ ആബ്ദിനും ഭാര്യഅലീഷയുമാണ് പുതിയ പ്രതികള്‍.
അബൂബക്കര്‍ പോയതിന് പിന്നാലെയാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനായി പ്രതികള്‍ ഈ വീട്ടില്‍ എത്തുന്നത്. വീട്ടിനകത്തേക്ക് കടന്ന പ്രതികളുടെ മോഷണശ്രമത്തെ ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഹംലത്തിനെ ഇരുവരും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മോഷണത്തിനായി വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മുളകുപൊടി വിതറുകയും ചെയ്തു.
ഹംലത്തിന്റെ മൊബൈല്‍ ഫോണും കമ്മലും കൈക്കലാക്കിയാണ് ഇരുവരും സ്ഥലംവിട്ടത്. മൊബൈല്‍ഫോണാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്.
മൊബൈല്‍ഫോണ്‍ മറ്റൊരു സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ഇരുവരെയും കുടുക്കിയത്. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിടിയിലായ അലീഷ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ ചികില്‍സക്കായി ആശുപത്രിയില്‍ എത്തിച്ചു.
ഇപ്പോഴുള്ള അന്വേഷണ സംഘത്തിന്റെ കാര്യത്തില്‍ തൃപ്തിയില്ലെന്നും പുതിയ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അബൂബക്കറിന്റെ കുടുംബം ആവശ്യപ്പെട്ടു. അബൂബക്കര്‍ ഹംലത്തിന്റെ ഫോണിലേക്ക് വിളിച്ച് തെളിവാക്കിയാണ് പോലീസ് അദ്ദേഹത്തെ കുടുക്കിയതെന്നും കുടുംബം ആരോപിച്ചു.
പോലീസിനെതിരേ നടപടി തേടി എസ്ഡിപിഐ
മണ്ണഞ്ചേരി സ്വദേശിയും ഒറ്റപ്പന ജുമാമസ്ജിദിലെ ജീവനക്കാരനുമായിരുന്ന അബൂബക്കറിനെ കൊലയാളിയായി തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പോലിസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്ന് എസ് ഡി പി ഐ ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന ആവശ്യപ്പെട്ടു.
മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തില്‍ തിടുക്കത്തില്‍ ചെയ്ത പ്രവര്‍ത്തനമാണ് ഒരു നിരപരാധിക്ക് കൊലക്കേസില്‍ അഴിയെണ്ണേണ്ടി വന്നത്. മാധ്യമങ്ങളില്‍ പ്രതിയെ പിടികൂടിയെന്നും പ്രതി കുറ്റം സമ്മതിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നതോടെ അദ്ദേഹവും കുടുംബവും പൊതുസമൂഹത്തിന്റെ മുമ്പില്‍ അവഹേളിക്കപ്പെട്ട നിലയിലാണുള്ളത്.
പോലിസുകാരുടെ കഴിവില്ലായ്മക്ക് വില കൊടുക്കേണ്ടി വന്ന കുടുംബത്തിന് നീതി ലഭിക്കണം. എത്രയും പെട്ടെന്ന് നിരപരാധിയായ അബൂബക്കറിനെ ജയില്‍ നിന്ന് മോചിപ്പിക്കണം. അബൂബക്കറിനെയും കുടുംബത്തെയും അവഹേളിച്ച മാധ്യമങ്ങള്ക്കെതിരേ നിയമനടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.


