തൃശൂരില്‍ ലുലു മാള്‍ വൈകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ വെളിപ്പെടുത്തല്‍ വിവാദമായതിനു പിന്നാലെ ഹൈക്കോടതിയെ സമീപിച്ച രാഷ്ട്രീയനേതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണ് ലുലു മാള്‍ നിര്‍മാണത്തിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്.
|
അഖിലേന്ത്യ കിസാന്‍ സഭ തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും പുതുക്കാട് മണ്ഡലം സെക്രട്ടറിയുമാണ് മുകുന്ദന്‍. നെല്‍വയല്‍ ഭൂമി തരംമാറ്റിയതിനെതിരേ ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് താന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതെന്നു മുകുന്ദന്‍ പറയുന്നു. എന്നാല്‍ കലക്ടര്‍ പരാതി പരിഗണിക്കുന്നതിനെതിരേ ലുലു ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും താനതില്‍ കക്ഷി ചേരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നടത്തുന്നതെന്നും ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് എന്നും മുകുന്ദന്‍ പറഞ്ഞു. 2001 മുതല്‍ 2005വരെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗവും അവസാന 18 മാസം പ്രസിഡന്റും ആയിരുന്ന മുകുന്ദന്‍ നിലവില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ്.
എന്നാല്‍ സിപിഐക്ക് ഈ പരാതിയുമായി ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ജനങ്ങള്‍ക്കു വേണ്ടിയുള്ള വികസനത്തിന്റെ പാര്‍ട്ടിയാണ് സിപിഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3000 പേര്‍ക്ക് ജോലി ലഭിക്കുന്ന തൃശൂര്‍ ലുലു മാള്‍ പദ്ധതി വൈകാന്‍ കാരണം ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്ന് എംഎ യൂസുഫലി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
ALSO READ: തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍: എം എ യൂസഫലി





