21
Aug 2025
Tue
21 Aug 2025 Tue
VD satheeshan threat

സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സിപിഐഎമ്മുകാരും ബിജെപിയും അധികം കളിക്കേണ്ടെന്നും വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്റെ ഭീഷണി സ്വരത്തിലുള്ള മുന്നറിയിപ്പ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘സിപിഐഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’, വി ഡി സതീശന്‍ പറഞ്ഞു. ഉടന്‍ തന്നെ സിപിഎമ്മില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കി.

കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ALSO READ: പാര്‍ട്ടിക്കുള്ളിലെ ഗൂഡാലോചനക്കാരെ തിരിച്ചറിഞ്ഞു; പ്രതിരോധത്തിന് തന്ത്രങ്ങളൊരുക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’, എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.

സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കേരളത്തിലെ സിപിഐഎം നേതാക്കന്മാര്‍ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവെച്ചു. രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചു. ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്ക്. റേപ്പ് കേസ് പ്രതി അവിടെ ഇരിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആര്യനാട്ടെ പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ സിപിഎം പൊതുയോഗത്തിന് പിന്നാലെയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സാമ്പത്തിക ബാധ്യതയുള്ളവരെ ഭീഷണിപ്പെടുത്തുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.