25
Aug 2025
Fri
25 Aug 2025 Fri
justice pancholi

പുതിയ രണ്ട് ജഡ്ജിമാര്‍ കൂടി ഇന്ന് സുപ്രിം കോടതി ജഡ്ജിമാരായി സത്യ പ്രതിജ്ഞ ചെയ്യും. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍. ഗവായ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാദച്ചുഴിയിലകപ്പെട്ട ഗുജറാത്തുകാരനായ ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പരിശ്രമം ഫലം കണ്ടത് രണ്ട് സുപ്രീംകോടതി ജഡ്ജിമാരുടെ അനുകൂല അഭിപ്രായത്തില്‍. പട്‌ന ഹൈകോടതിയില്‍ നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വിനോദ് ചന്ദ്രനും ജഡ്ജിയായിരുന്ന ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ലയും അനുകൂലാഭിപ്രായം രേഖപ്പെടുത്തിയതാണ് ജസ്റ്റിസ് പഞ്ചോളിയുടെ സ്ഥാനക്കയറ്റത്തില്‍ കലാശിച്ചത്. അതിവേഗത്തില്‍ കേന്ദ്രം ശിപാര്‍ശക്ക് അനുമതി നല്‍കി രാഷ്ട്രപതി വിജഞാപനവുമിറക്കി.

സീനീയോരിറ്റിയില്‍ മുന്നിലുള്ള 57 പേരെ മറികടന്നാണ് പഞ്ചോളിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ഗുജറാത്തില്‍ നിന്ന് മൂന്നാമൊതൊരു ജഡ്ജി കൂടി സുപ്രിംകോടതിയിലെത്തുന്നത് സംസ്ഥാന പ്രാതിനിധ്യത്തിന്റെ സന്തുലനം പാലിക്കാതെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ALSO READ: മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരീ പുത്രിയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞു

സാധാരണഗതിയില്‍ ഒരു ഹൈകോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ആ ഹൈകോടതിയില്‍ നിന്ന് നേരത്തെ സുപ്രീംക്കോടതിയിലെത്തിയവരോട് അഭിപ്രായം തേടാറുണ്ട്. ഇതനുസരിച്ച് അഭിപ്രായം തേടിയപ്പോഴാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ലയും അനുകൂല നിലാപട് എടുത്തത്. അതോടെ കഴിഞ്ഞ തവണ ജസ്റ്റിസ് നാഗരത്‌നയോടൊപ്പം എതിര്‍ത്ത ജസ്റ്റിസ് വിക്രംനാഥ് ഭൂരിപക്ഷത്തിനൊപ്പം നിന്ന് ഇത്തവണ അനുകൂലിക്കുകയും ചെയ്തു.

മൂന്ന് മാസം മുമ്പ് ഉപേക്ഷിച്ച പേര്

ജസ്റ്റിസ് പഞ്ചോളിയെ സുപ്രീംകോടതിയിലെത്തിക്കാനുള്ള ആദ്യനീക്കം നടന്നത് മെയ് 25നാണ്. അന്ന് തനിക്കൊപ്പം ജസ്റ്റിസ് വിക്രംനാഥും പഞ്ചോളിക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ആവശ്യപ്പെട്ടതായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന വിയോജനക്കുറിപ്പിലെഴുതി. തുടര്‍ന്ന് പഞ്ചോളിയുടെ സീനിയറായ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് തന്നെയുള്ള എന്‍.വി അഞ്ചാരിയയെ കൊളീജിയം ജഡ്ജിയാക്കാന്‍ ശിപാര്‍ശ ചെയ്തു.

ജൂണില്‍ വിരമിച്ച ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ഒഴിവിനെ തുടര്‍ന്ന് ഗുജറാത്ത് ഹൈകോടതിക്ക് സുപ്രീംകോടതിയിലുണ്ടാകുന്ന പ്രാതിനിധ്യക്കുറവ് നികത്താമെന്ന ന്യായത്തിലായിരുന്നു ഇത്. അന്ന് ഉപേക്ഷിച്ച പഞ്ചോളിയുടെ പേര് മുന്ന് മാസത്തിന് ശേഷം വീണ്ടുമുയര്‍ന്നുവന്നതെങ്ങിനെയാണെന്ന ചോദ്യമാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന ഉയര്‍ത്തുന്നത്.

ജസ്റ്റിസ് പഞ്ചോളിയുടെ വിശ്വാസ്യതയെകുറിച്ച് കടുത്ത ചോദ്യങ്ങളാണ് കൊളീജിയത്തിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് നാഗരത്‌ന ഉയര്‍ത്തിയത്.

ജസ്റ്റിസ് നാഗരത്‌നയുടെ ചോദ്യങ്ങള്‍

2023 ജൂലൈയില്‍ ഗുജറാത്തില്‍ നിന്നും പട്‌നയിലേക്കുള്ള പഞ്ചോളിയുടെ സ്ഥലം മാറ്റം എന്തിനായിരുന്നു? മുതിര്‍ന്ന അഭിഭാഷകരുടെയും ബാര്‍ അസോസിയേഷന്റെയും പ്രതിനിധി സംഘം മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ജസ്റ്റിസ് എം.ആര്‍ ഷായുടെ സാന്നിധ്യത്തില്‍ കണ്ട് പഞ്ചോളിയുടെ അടിയന്തര സ്ഥലം മാറ്റം ആവശ്യപ്പെട്ടത് എന്തിനായിരുന്നു

ആ സ്ഥലം മാറ്റത്തിന്റെ രഹസ്യസ്വഭാവത്തിലുള്ള മിനുട്‌സ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്ന സമയത്ത് പരിശോധിച്ചോ? ഗുജറാത്ത് ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന സുപ്രീംകോടതി ജസ്റ്റിസ് വിക്രം നാഥ് പഞ്ചോളിയെ വിളിപ്പിച്ച് ശക്തമായി ശകാരിച്ചതെന്തിനായിരുന്നു? മാതൃകോടതിയിലിരുത്താന്‍ പറ്റാത്ത ജഡ്ജി പരമോന്നതകോടതിയിലെത്തുന്നതെങ്ങിനെ?

സാധാരണ ഗതിയില്‍ ഒരു ജഡ്ജിക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവത്തിലുള്ള രേഖകള്‍ കൊളീജിയം പരിശോധിക്കേതായിരുന്നുവെങ്കിലും പഞ്ചോളിയുടെ കാര്യത്തില്‍ എന്തു കൊണ്ട് അതുണ്ടായില്ലെന്നും ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. പ്രത്യേകിച്ചും ചീഫ് ജസ്റ്റിസ് പദവിയിലെത്താന്‍ സാധ്യതയുള്ള ഒരാളെ. സീനിയോറിറ്റി അനുസരിച്ച് 2031 ഒക്ടോബര്‍ മുതല്‍ 2033 മെയ് വരെ ജസ്റ്റിസ് പഞ്ചോളി ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും.

ജസ്റ്റിസ് ആരാധെ

1964 ഏപ്രില്‍ 13ന് ജനിച്ച ജസ്റ്റിസ് ആരാധെ 2009 ഡിസംബര്‍ 29ന് മധ്യപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായും 2011 ഫെബ്രുവരി 15ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. ജമ്മുകശ്മീര്‍ ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റിയ അദ്ദേഹം 2016 സെപ്തംബര്‍ 20ന് സത്യപ്രതിജ്ഞ ചെയ്തു. 2018 മെയ് 11ന് ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായി. 2018 ജൂലൈയില്‍ കര്‍ണാടക ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റു. 2022 ഒക്ടോബര്‍ 14 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഈ വര്‍ഷം ജനുവരി 21 നാണ് ജസ്റ്റിസ് ആരാധെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 1988 ജൂലൈ 12 ന് അഭിഭാഷകനായി ജോലി തുടങ്ങിയ അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയില്‍ സിവില്‍, ഭരണഘടനാ, ആര്‍ബിട്രേഷന്‍, കമ്പനി കാര്യങ്ങള്‍ കൈകാര്യം ചെയ്തു. 2007 ഏപ്രിലില്‍ സീനിയര്‍ അഭിഭാഷകനായി നിയമിതനായി.

ജസ്റ്റിസ് പഞ്ചോളി

1968 മെയ് 28 ന് അഹമ്മദാബാദില്‍ ജനിച്ച ജസ്റ്റിസ് പഞ്ചോളി 2014 ഒക്ടോബര്‍ 1 ന് ഗുജറാത്ത് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 2016 ജൂണ്‍ 10 ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. 2023 ജൂലൈ 24 ന് പട്ന ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ വര്‍ഷം ജൂലൈ 21 ന് ജസ്റ്റിസ് പഞ്ചോളി പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 1991 സെപ്റ്റംബറിലാണ് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. ഗുജറാത്ത് ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹം 2006 മാര്‍ച്ച് വരെ ഏഴ് വര്‍ഷം ആ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 1993 ഡിസംബര്‍ മുതല്‍ 21 വര്‍ഷം അഹമ്മദാബാദിലെ സര്‍ എല്‍ എ ഷാ ലോ കോളജില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

English Summary
Two more new judges will be sworn in as Supreme Court judges today. Bombay High Court Chief Justice Alok Aradhe and Patna High Court Chief Justice Vipul Pancholi will take charge today. The oath-taking ceremony will be held at 10.30 am and will be administered by Chief Justice of the Supreme Court B. R. Gavai.