ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ വഖ്ഫ് നിയമ ഭേദഗതിയിലെ വിവാദ വകുപ്പുകള്‍ സുപ്രിംകോടതി സ്‌റ്റേചെയ്തു. നീണ്ട വാദം കേട്ടശേഷം ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. നിയമ ഭേദഗതിയിലെ വിവാദ വകുപ്പുകളായിരുന്ന ജില്ലാ കലക്ടറുടെ അധികാരം ഉള്‍പ്പെടെയുള്ളവയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും അത് തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവില്‍ കഴിവതും മുസ്‌ലിം ആയിരിക്കണം. എന്നാല്‍ അമുസ്ലിംകളെ സിഇഒ ആക്കരുതെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിയമത്തിലെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിയമം പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്നും അത് അപൂര്‍വ അവസരങ്ങളില്‍ മാത്രമെ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
|
മെയ് 22നാണ് ഹരജിയില്‍ വാദം പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റിയത്. സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായിരിക്കെ ഹരജികള്‍ പരിഗണിക്കുന്നതിനിടെ, വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയമത്തിന്റെ സാധുതയെ ചൊല്ലി വാദം നടന്നത്.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്, മജ്‌ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എംപി അസദുദ്ദീന്‍ ഉവൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, ഡല്‍ഹി എ.എ.പി എംഎല്‍എ അമാനത്തുള്ള ഖാന്‍, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് അര്‍ഷാദ് മദനി, അഞ്ജും കദാരി, തയ്യിബ് ഖാന്‍ സല്‍മാനി, മുഹമ്മദ് ഷാഫി, ടി.എം.സി എംപി മഹുവ മൊയ്ത്ര, ആര്‍.ജെ.ഡി എംപി മനോജ് കുമാര്‍ ഝാ, എസ്.പി എംപി സിയാ ഉര്‍ റഹ്മാന്‍ ബര്‍ഖ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഡി.എം.കെ എന്നിവരാണ് കേസിലെ ഹരജിക്കാര്‍.
നേരത്തേ കേസ് പരിഗണിക്കുന്നതിനിടെ കടുത്ത ചോദ്യങ്ങളാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. വഖ്ഫുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തില്‍ ചെയ്തിരിക്കുന്നതുപോലെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ അഹിന്ദുക്കളെയും ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോയെന്ന് ബഞ്ച് ചോദിക്കുകയുണ്ടായി.
Supreme Court partially stays controversial Waqf law


