കോഴിക്കോട്: മലബാറിനെ ആശങ്കയിലാക്കി മേഖലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച് ഒന്‍പത് പേരാണ് ചികിത്സയില്‍ കഴിയുന്നത്.
|
മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
ഒന്നരമാസത്തിനിടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഏഴ് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരംബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.
എന്നാല്‍, രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. കുളത്തിലോ വെള്ളം കെട്ടിനില്‍ക്കുന്ന മറ്റിടങ്ങളിലോ മുങ്ങി കുളിച്ചവര്‍ക്കാണ് രോഗം വരുന്നതെന്നാണ് തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍, വീട്ടിലെ വെള്ളത്തില്‍ മാത്രം കുളിച്ച കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ രോഗം ബാധിച്ചതോടെ ആശങ്ക പടര്‍ന്നിരിക്കുകയാണ്.


