മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയിലുള്ള ഒരു സ്വകാര്യ ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. പ്രതികളില്‍ നിന്ന് ലഹരി വസ്തുക്കള്‍ക്ക് പുറമെ, ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, അളക്കാനുള്ള ത്രാസ്, സിപ് കവറുകള്‍, കൂടാതെ ലൈംഗിക ഉത്തേജക മരുന്നുകളും പോലീസ് പിടിച്ചെടുത്തു.
|
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് മണ്ണാര്‍ക്കാട് എസ്.ഐ. രാമദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാവിലെ 10.25-ഓടെ ലോഡ്ജിലെത്തിയത്. 706-ാം നമ്പര്‍ മുറിയിലാണ് മയക്കമരുന്ന് കണ്ടെത്തിയത്. നീല ടീഷര്‍ട്ടും ജീന്‍സും ധരിച്ച സ്ത്രീയാണ് വാതില്‍ തുറന്നത്.
മുറിയില്‍ കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ സ്വദേശിനി മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും കണ്ടെത്തിയത്. പിടിയിലായ മര്‍ജീന കഴിഞ്ഞ അഞ്ച് വര്‍ഷമായി ലഹരിക്ക് അടിമയാണെന്നും, ലഹരി തേടിയാണ് ഒരു സുഹൃത്ത് മുഖേന മണ്ണാര്‍ക്കാടെത്തിയതെന്നും പോലീസ് അറിയിച്ചു.
ലഹരി ഉപയോഗത്തിനും വില്‍പനയ്ക്കുമായി രണ്ട് ദിവസത്തേക്ക് ലോഡ്ജ് മുറി ബുക്ക് ചെയ്ത് നല്‍കിയത് മലപ്പുറം തിരൂര്‍ക്കാട് സ്വദേശിയായ മൂന്നാം പ്രതി നിഹാല്‍ ആണ്. മണ്ണാര്‍ക്കാടും സമീപ പ്രദേശങ്ങളിലും ലഹരി വില്‍പന നടത്തുന്ന അപ്പക്കാടന്‍ മുനീറിനെ മര്‍ജീനയ്ക്ക് പരിചയപ്പെടുത്തിയതും നിഹാല്‍ ആയിരുന്നു. മുനീര്‍, എംഡിഎംഎ, കഞ്ചാവ് എന്നിവയുമായി മര്‍ജീനയുടെ അടുത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു പോലീസ് പരിശോധന.


