കോഴിക്കോട്: സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ കടുത്ത ആശങ്കയായി വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരനാണ് മരണത്തിന് കീഴടങ്ങിയത്. മലപ്പുറം എയുപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആര്‍ജവ് ആണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയാണ്.
|
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലാമത്തെ ഷിഗെല്ല മരണമാണിത്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനും കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഒരു വയസുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ അതിവേഗം വര്‍ധിച്ചുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 135 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയിലധികം കേസുകളും കോഴിക്കോട് ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; 68 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്.
ഇളനീര്‍ പാര്‍ലര്‍ അടപ്പിച്ചു
ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ‘കൊക്കോഗ്രീന്‍’ എന്ന ഇളനീര്‍ പാര്‍ലര്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഒടുവില്‍ അടപ്പിച്ചു. രണ്ടാഴ്ച മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഈ കടയില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് അപകടകരമായ രീതിയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ജില്ലയില്‍ ഷിഗെല്ല മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലുടനീളം കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശുചിത്വ കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.


