വിജയിയുടെ പരിപാടിക്കിടെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് ടിവികെ. എല്ലാമാസവും 5000 രൂപ വീതം നല്‍കും.
|
കുടുംബത്തിന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കും. കരൂരിലെ വീടുകള്‍ ടിവികെ സമിതി ഇന്ന് സന്ദര്‍ശിക്കും. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. ടിവികെ അധ്യക്ഷന്‍ വിജയ് ഒക്ടോബര്‍ 17-ന് കരൂരിലെത്തും.
ദുരന്തത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അജയ് റസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. ജസ്റ്റിസ് അജയ് റസ്തോഗിയും രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് സമിതി.
തമിഴ്നാട് കേഡറിലുള്ള ഐ ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരാകണം അംഗങ്ങള്‍. ഇവര്‍ തമിഴ്നാട് സ്വദേശികള്‍ ആകരുതെന്നും ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടിവികെ നല്കിയ ഹര്‍ജിയും സിബിഐ അന്വേഷണമവശ്യപ്പെട്ട് മറ്റു ഹര്‍ജികളും പരിഗണിച്ചാണ് ഉത്തരവ്.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചത്.
കരൂര്‍ ദുരന്തത്തില്‍ ഏറെ പഴികേട്ട വിജയ്ക്ക് സിബിഐ അന്വേഷണം ആശ്വാസം നല്‍കുന്നതായിരുന്നു. ഡിഎംകെയുടെ അറിവോടെയുള്ള ദുരന്തമായിരുന്നു കരൂരിലേതെന്നായിരുന്നു ടിവികെയുടെ ആരോപണം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വിജയ് ഉന്നയിച്ചിരുന്നത്.
സെപ്റ്റംബര്‍ 27ന് ആണ് കരൂരില്‍ നടന് വിജയുടെ റാലിക്കിടയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല്‍പ്പത്തിയൊന്ന് പേര് മരിച്ചത്.
TVK has announced that it will take responsibility for the families of the 41 people who died in the Karur tragedy.





