02
Oct 2025
Wed
02 Oct 2025 Wed
minister v sivankutty

Kerala school hijab ban കേരളത്തിലെ ഒരു സ്‌കൂളിലും ഹിജാബ് വിലക്ക് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും നിഷേധിക്കാന്‍ പാടില്ല. സമാധാനത്തോട് കൂടി മുന്നോട്ട് പോവുന്ന കേരളത്തിലെ വിദ്യാഭ്യാസ അന്തരീക്ഷം വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ രക്ഷിതാവ് സ്വയം വേണ്ടെന്ന് പറയുന്നത് വരെ സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് പഠിക്കാന്‍ അവകാശമുണ്ട്. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ഹിജാബ് വിലക്കിയ വിഷയം രക്ഷിതാവുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ടെങ്കില്‍ നല്ല കാര്യം. എന്നാല്‍, ഒത്തുതീര്‍പ്പുണ്ടാക്കുന്നതിന് സര്‍ക്കാര്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ഒരു സ്‌കൂളിലും ഇനി ആവര്‍ത്തിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.

ALSO READ: തുലാവര്‍ഷം കനക്കും; ഇന്നും നാളെയും സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപോര്‍ട്ട് പ്രകാരം, വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

‘മന്ത്രി വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു’
അതേ സമയം, സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ ആശങ്ക അറിയിച്ച് സ്‌കൂള്‍ മാനേജ്മെന്റ് അഭിഭാഷക. രക്ഷിതാവും കുട്ടിയും സ്‌കൂളില്‍ യൂണിഫോം ധരിച്ചെത്താമെന്ന് അറിയിച്ച സാഹചര്യത്തില്‍ എന്തുകൊണ്ടാണ് മന്ത്രി ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് അറിയില്ലെന്ന് അഡ്വ. വിമല പ്രതികരിച്ചു.

കുട്ടികളില്‍ തുല്യത ഉറപ്പിക്കാന്‍ ആണ് സ്‌കൂള്‍ യൂണിഫോം. സര്‍ക്കാര്‍ കൂടുതല്‍ ആയി ഇടപെടല്‍ നടത്തുന്നുവെന്ന് സംശയിക്കുന്നു. മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുകയാണ്. പ്രശ്നം പരിഹരിച്ചതാണെന്നും അഭിഭാഷക വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉത്തരവ് സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല. പരിശോധിച്ച് നിയമനടപടിയെടുക്കും. ഇന്ന് രാവിലെ സ്‌കൂള്‍ മാനേജ്മെന്റ് ഒരു തീരുമാനം എടുക്കുമെന്നും അഭിഭാഷക പറഞ്ഞു.

സ്‌കൂള്‍ തുറന്നു

ഹിജാബ് വിവാദത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന എറണാകുളം
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ ഇന്ന് തുറന്നു. ഹിജാബ് വിലക്കപ്പെട്ട എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളില്‍ എത്തിയേക്കില്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്.