ദുര്‍ബലമായ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ, ദക്ഷിണ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അതേ സമയം, കൊല്ലപ്പെട്ട മറ്റൊരു ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഇസ്രായേലിന് കൈമാറി.
|
റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ മൃതദേഹം ഏറ്റെടുത്തതായും അത് ഇസ്രായേലി സൈനികര്‍ക്ക് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇസ്രായേലി സൈന്യം തിങ്കളാഴ്ച അറിയിച്ചു. ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്ന യുഎസിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, മരിച്ച 28 ബന്ദികളുടെയും മൃതദേഹങ്ങള്‍ തിരികെ നല്കാന് ഹമാസ് ബാധ്യസ്ഥരാണ്. തിങ്കളാഴ്ച വരെ 16 മൃതദേഹങ്ങളാണ് കൈമാറിയത്. ജീവനോടെയുണ്ടായിരുന്ന 20 ബന്ദികളെ ഒക്ടോബര്‍ 13ന് സമാധാന ഉടമ്പടിയുടെ ഭാഗമായി മോചിപ്പിച്ചിരുന്നു.
വെടിനിര്‍ത്തല്‍ നിര്‍ത്തലാക്കാന്‍ കുടുംബങ്ങളുടെ ആവശ്യം
എല്ലാ മൃതദേഹങ്ങളും കണ്ടെത്താന്‍ ഹമാസ് പരാജയപ്പെട്ടാല്‍ വെടിനിര്‍ത്തല്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ചില ബന്ദികളുടെ കുടുംബങ്ങള്‍ ഇസ്രായേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘കൊല്ലപ്പെട്ട ബന്ദികളുടെയെല്ലാം മൃതദേഹങ്ങള്‍ എവിടെയാണെന്ന് ഹമാസിന് കൃത്യമായി അറിയാം,’- ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിങ് ഫാമിലീസ് ഫോറം പറഞ്ഞു. ‘ഹമാസ് എല്ലാ കടമകളും പൂര്‍ത്തിയാക്കുകയും എല്ലാ ബന്ദികളെയും ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതുവരെ കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങരുതെന്ന് ഇസ്രായേല്‍ സര്‍ക്കാരിനോടും യുഎസ് ഭരണകൂടത്തോടും മധ്യസ്ഥരോടും കുടുംബങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ സംഘടന കൂട്ടിച്ചേര്‍ത്തു.
ALSO READ: മൊന്ത ചുഴലിക്കാറ്റ് തീരം തൊടുന്നു; 72 ട്രെയ്നുകള്‍ റദ്ദാക്കി; വിമാന സര്‍വീസുകള്‍ തടസ്സപ്പെടും
മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ‘വെല്ലുവിളികള്‍’ ഉണ്ടെന്ന് ശനിയാഴ്ച ഹമാസ് മധ്യസ്ഥന്‍ ഖലീല്‍ അല്‍ ഹയ്യ അഭിപ്രായപ്പെട്ടിരുന്നു. ‘ഇസ്രായേലിന്റെ അധിനിവേശം ഗസയിലെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു’ എന്നും, മൃതദേഹങ്ങള്‍ കുഴിച്ചിട്ടവരില്‍ ചിലര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ കുഴിച്ചിട്ട സ്ഥലം മറന്നുപോവുകയോ ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം സൂചന നല്കി.
ഇതിന് പിന്നാലെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായത്തിനായി ഒരു ഈജിപ്ഷ്യന്‍ സാങ്കേതിക സംഘത്തെ ഗസയിലേക്ക് പ്രവേശിപ്പിക്കാന്‍ ഇസ്രായേല്‍ അനുമതി നല്കി. ഈജിപ്ഷ്യന്‍ സംഘം മണ്ണുമാന്തി യന്ത്രങ്ങളും ട്രക്കുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.
വെടിനിര്‍ത്തല്‍ തുടരുമ്പോഴും, ദക്ഷിണ ഗസയിലെ ഖാന് യൂനിസിന് സമീപം ഇസ്രായേലി ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ തിങ്കളാഴ്ച കുറഞ്ഞത് രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി നാസര്‍ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇസ്രായേലി ആക്രമണങ്ങളില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 2023 ഒക്ടോബറില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ കുറഞ്ഞത് 68,527 പേര് മരിക്കുകയും 170,395 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


