03
Nov 2025
Thu
03 Nov 2025 Thu
larissa bonesi

ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ ഫോട്ടോ തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രസീലിയന്‍ മോഡല്‍.
ഈ പടം വച്ച് വോട്ട് ചേര്‍ത്തെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. 22 പേരില്‍ അഞ്ച് വോട്ടര്‍മാരെ മാധ്യമങ്ങള്‍ കണ്ടെത്തി. സ്വീറ്റി, ദര്‍ശന, പിങ്കി, മുനിഷ് ദേവി, മഞ്ജിത് എന്നിവരെയാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസ്തുത ഐഡി ഉപയോഗിച്ച് വോട്ടു ചെയ്‌തെന്നും വോട്ടര്‍ പട്ടികയില്‍ പടം മാറിപ്പോയെന്നും ചിലര്‍ സമ്മതിച്ചു. പടം മാറിയതായി പരാതിപ്പെട്ടിരുന്നെന്ന് ചില വോട്ടര്‍മാര്‍ അവകാശപ്പെട്ടു.

അതേസമയം, ഹരിയാന വോട്ടര്‍ പട്ടികയില്‍ 22 വോട്ടര്‍മാരുടേതായി വന്ന ചിത്രം തന്റേതെന്ന് ബ്രസീലിയന്‍ മോഡല്‍ ലാറിസ സ്ഥിരീകരിച്ചു. ചിത്രം വോട്ടുതട്ടിപ്പിനായി ഉപയോഗിച്ചത് പരിഹാസ്യമാണ്. വോട്ടര്‍ പട്ടികയില്‍ കണ്ടത് തനിക്ക് 18 വയസ്സായപ്പോള്‍ എടുത്ത ഫോട്ടോയാണെന്ന് ലാറിസ പറയുന്നു.

ALSO READ: ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ കവര്‍ന്നതിന്റെ തെളിവുമായി രാഹുല്‍ ഗാന്ധി; ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് ചെയ്തത് 22 വോട്ടുകള്‍

എന്റെ ഫോട്ടോ എങ്ങിനെ ഇന്ത്യയിലെത്തി?
ഇന്ത്യയിലെ രാഷ്ട്രീയവിവാദത്തില്‍ തന്നെ കരുവാക്കിയതില്‍ അദ്ഭുതം പ്രകടിപ്പിച്ചുള്ള വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോര്‍ച്ചുഗീസ് ഭാഷയില്‍ ലാറിസ നടത്തിയ പ്രതികരണം വിവര്‍ത്തനം ചെയ്താണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍.

‘ചെറുപ്പത്തില്‍ എടുത്ത ചിത്രം എങ്ങനെയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു വിവാദങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുവെന്നറിയില്ല. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ ഇത് അറിയുന്നത്. ഇത് അസംബന്ധവും അപ്രതീക്ഷിതവുമാണ്’- ലാറിസ വിഡിയോയില്‍ പറയുന്നു. തന്റെ പഴയ ഫോട്ടോ ഉപയോഗിച്ചിരിക്കുന്ന രീതിയും ഒരാള്‍ അയച്ചുതന്നിട്ടുണ്ടെന്ന് ലാറിസ കൂട്ടിച്ചേര്‍ത്തു.

ബ്രസീലിയന്‍ ഫൊട്ടോഗ്രാഫര്‍ മത്തേവൂസ് ഫെറേറോ ആണ് ലാറിസയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്പ്ലാഷ്, പിക്‌സെല്‍സ് തുടങ്ങിയ ഫൊട്ടോ സൈറ്റുകളിലാണ് മത്തേവൂസ് ഇവ സ്റ്റോക്ക് ചിത്രങ്ങളായി ഉപയോഗിച്ചിരിക്കുന്നത്. അതായത് ആര്‍ക്കും ഇവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അങ്ങനെ ഇന്ത്യയിലേതടക്കം വിവിധ സൈറ്റുകള്‍ ഈ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്.

ബിഹാറില്‍ ജനം മറുപടി നല്‍കും
വോട്ടു മാത്രമല്ല സര്‍ക്കാരിനെയും ജനങ്ങളെയും കൊള്ളയടിക്കുന്നവര്‍ക്ക് വോട്ടിലൂടെ മറുപടി നല്‍കാന്‍ ബിഹാറിലെ ജെന്‍സികളോടും യുവാക്കളോടും രാഹുല്‍ ഗാന്ധി. വോട്ട് ചോരി, സര്‍ക്കാര്‍ ചോരി ഗൂഢാലോചനയെ പരാജയപ്പെടുത്തണം. വോട്ടിലൂടെ ജനാധിപത്യത്തെയും ബിഹാറിനെയും സംരക്ഷിക്കണം. ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വോട്ട് കൊള്ള രാജ്യം കണ്ടതാണ്.

നിലവില്‍ ബിഹാറാണ് ലക്ഷ്യം. ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ് നിര്‍വഹിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണമെന്നും ഇന്ത്യ സഖ്യത്തിന് വോട്ട് നല്‍കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു.