കൊല്ലത്ത് ആഭിചാര ക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സ്വാമി അറസ്റ്റില്‍. മുണ്ടക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. കുട്ടിക്ക പരീക്ഷയില്‍ മികച്ച വിജയം ലഭിക്കുമെന്ന് വാ്ഗ്ദാനം ചെയ്താണ് ആഭിചാര ക്രിയക്ക് വിധേയമാക്കിയത്. ഷിനുവിന്റെ മുറിയില്‍ നിന്ന് ചരടുകളും വടിവാളും മറ്റു പൂജാ സാമഗ്രികളും കണ്ടെത്തി.
|
ശംഖ് ജ്യോതിഷം എന്ന പേരിലാണ് ആഭിചാര ക്രിയകള്‍ ചെയ്തിരുന്നത്. വ്യാജ സ്വാമിയുടെ പൂജാമുറിയില്‍ നിന്ന് വിവിധ വിഗ്രഹങ്ങള്‍, ബാധ ഒഴിപ്പിക്കാനുള്ള ചൂരല്‍, ശംഖ്, ആത്മാവിനെ ആവാഹിക്കാനുള്ള കുടം തുടങ്ങിയവ കണ്ടെത്തി. പരീക്ഷയില്‍ മികച്ച വിജയം ഉണ്ടാകുമെന്ന് പറഞ്ഞ് പൂജ ചെയ്യുന്നതിനിടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു.
പഠനത്തില്‍ മോശമായ കുട്ടിയുടെ കാര്യത്തില്‍ പരിഹാരം കാണുന്നതിന് ആദ്യം ഒറ്റയ്ക്കാണ് സ്വാമിയെ സമീപിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പൂജ ചെയ്യാന്‍ കുട്ടിയെയും കൊണ്ട് വരാന്‍ പറഞ്ഞു. അടുത്തയാഴ്ച്ച 11 വയസ്സുള്ള മകളെയും കൊണ്ട് ചെന്നപ്പോള്‍ കുഞ്ഞ് പഠിക്കാന്‍ മോശമാണെന്നും കാര്യങ്ങള്‍ അറിയാന്‍ ഒറ്റയ്ക്ക് ചോദിച്ചാലേ പൂജ ചെയ്യാന്‍ പറ്റൂ എന്നും വ്യക്തമാക്കി.
കുട്ടിയെയും കൊണ്ട് മുറിക്കകത്ത് കയറിയ സ്വാമി മുക്കാല്‍ മണിക്കൂറോളം കുട്ടിക്കൊപ്പം ചെലവഴിച്ചിരുന്നു. മകള്‍ പുറത്തിറങ്ങി വന്നപ്പോള്‍ അവളുടെ മുഖത്ത് ഭയം കണ്ടു. അന്വേഷിച്ചപ്പോള്‍ സ്വാമി തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് പെണ്‍കുട്ടി അമ്മയെ അറിയിക്കുകയായിരു്ന്നു.
അമ്മ പോലീസില്‍ പരാതി നല്‍കുകയും ചൈല്‍ഡ് ലൈനെ അറിയിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തു വന്നത്. മൂന്ന് ദിവസം മുമ്പാണ് ഈസ്റ്റ് പോലീസ് വ്യാജ സ്വാമിയെ അറസ്റ്റ് ചെയ്തത്. പോലീസ് പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് പല ഭാഗത്തായി ചരടുകള്‍ കെട്ടിയതായി കണ്ടെത്തി.
ഇവിടെ ദീര്‍ഘകാലമായി പൂജ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്താറുണ്ട്. സ്വാമിയുടെ പൂജാമുറിയുടെ സമീപത്ത് നിന്ന് കോഴിയെ വെട്ടിയതിന്റെ അവശിഷ്ടങ്ങള്‍, ചുവന്ന പട്ട് തുടങ്ങിയവ കണ്ടെത്തി.
സ്വാമിയുടെ ഭക്തയായിരുന്ന സ്ത്രീ ശാരീരികമായി ഉപദ്രവിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. മറ്റ് സ്ത്രീകള്‍ക്കും സ്വാമിയില്‍ നിന്ന് ഉപദ്രവം നേരിട്ടതായാണ് അറിയുന്നത്.
നേരത്തേ ടൈല്‍സിന്റെ പണി എടുത്തിരുന്ന ഷിനു അഞ്ച് വര്‍ഷം മുമ്പാണ് സ്വാമിയായി പ്രത്യക്ഷപ്പെട്ടത്. 10,000 രൂപ മുതല്‍ ലക്ഷം രൂപ വരെ പൂജകള്‍ക്കു വേണ്ടി ഈടാക്കിയിരുന്നു.





