അവഹിത ബന്ധം മറച്ചുവയ്ക്കാന്‍ ബിഹാറില്‍ മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവിന് വധശിക്ഷ. 2023 ലാണ് കേസിനാസ്പദമായ സംഭവം. 11 കാരിയായ ശിവാനിയെ മാതാവ് പൂനം ദേവി (35) ആണ് കൊലപ്പെടുത്തിയത്.
|
അരാരിയ ജുഡീഷ്യല്‍ ഡിവിഷനിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി റാബി കുമാറാണ് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നു നിരീക്ഷിച്ചാണ് കോടതി പൂനം ദേവിക്ക് വധശിക്ഷ വിധിച്ചത്.
2023 ജൂലൈ 11 ന് രാത്രി 11 മണിയോടെയാണ് ക്രൂരകൃത്യം നടന്നത്. ശിവാനിയുടെ അമ്മ പൂനം ദേവിക്ക് അതേ ഗ്രാമത്തിലെ മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നു. യുവാവിനോടൊപ്പം പൂനം ദേവിയെ തെറ്റായ സാഹചര്യത്തില്‍ കണ്ട കുട്ടി, പഞ്ചാബില്‍ ജോലിക്ക് പോയ പിതാവ് തിരിച്ചെത്തിയാല്‍ കണ്ടതെല്ലാം പറഞ്ഞുകൊടുക്കുമെന്ന് പൂനത്തിനോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചെത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഓര്‍ത്ത് പൂനം മകളെ വകവരുത്തുകയായിരുന്നു.
ALSO READ: ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ട യാത്രക്കാരി മരിച്ചു
പ്രോസിക്യൂഷന് പറയുന്നതനുസരിച്ച് ശിവാനിക്കുള്ള ഭക്ഷണത്തില്‍ കൂടിയ അളവില്‍ വിഷാംശമുള്ള ഓര്‍ഗാനോഫോസ്ഫറസ് എന്ന കീടനാശിനി കലര്‍ത്തുകയായിരുന്നു പൂനം. ഭക്ഷണം കഴിച്ച ശിവാനി ബോധരഹിതയായപ്പോള്‍, കുട്ടിയുടെ കഴുത്ത് അറുത്തു കൊലപ്പെടുത്തി, തുടര്‍ന്ന് കാമുകന്റെ സഹായത്തോടെ മൃതദേഹം വീടിന് പിന്നിലുള്ള ചോളത്തോട്ടത്തില്‍ മറവുചെയ്തു.
ശിവാനിയുടെ ബന്ധുക്കളാരും സംഭവത്തില്‍ പൊലീസിനെ സമീപിച്ചിരുന്നില്ല. മറിച്ച് അയല്‍വാസിയാണ് പൊലീസിലെത്തുന്നത്. ഇയാളുടെ രേഖാമൂലമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ സനര്പത്ഗഞ്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
കാമത്തിന് മുന്നില്‍ മാതൃത്വത്തിന്റെ സ്നേഹവും, വാത്സല്യവും, പവിത്രമായ ബന്ധവും ഇല്ലാതായെന്നും മാതൃത്വം തന്നെ പരാജയപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു എന്നാണ് യുവതിക്കെതിരെ വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. സമൂഹത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നതും അങ്ങേയറ്റം ക്രൂരവുമാണ് പൂനത്തിന്റെ പ്രവൃത്തിയെന്ന് കോടതി നിരീക്ഷിച്ചു.


