സംസ്ഥാനത്ത് എസ്‌ഐആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ കാണാനില്ല. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം 6,68,996 ആയി ഉയര്‍ന്നു. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് നടപടിക്രമങ്ങള്‍ക്കായി ബാക്കിയുള്ളത്. ഡിസംബര്‍ 5ന് ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുന്നതിനുള്ള സമയം അവസാനിക്കും.
|
ഇതുവരെ 1,88,18,128 ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 67.57 ശതമാനമാണിത്. പൂരിപ്പിച്ച ഫോമുകള്‍ തിരികെ വാങ്ങുന്നതിനുള്ള കലക്ഷന്‍ ഹബുകള്‍ ഇന്നും പ്രവര്‍ത്തിക്കും. ജില്ലാ തല കളക്ഷന്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ക്കായി ‘SIR ജോയത്തോണ്‍’ എന്ന പേരില്‍ പുതിയ ക്യാമ്പയിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചു.
തുടര്‍ച്ചയായി ജോലി ചെയ്യുമ്പോഴുള്ള വിരസത ഒഴിവാക്കുന്നതിന് ഇടവേളകളില്‍ കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആഴ്ചയിലൊരിക്കല്‍ കമ്മീഷന്‍ വിളിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. കഴിഞ്ഞ യോഗങ്ങളില്‍ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉണ്ടായ പുരോഗതി ചര്‍ച്ചയാകും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നലെ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിക്കുന്നുണ്ട്.
വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തയ്യാറായതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 50,607 കണ്‍ട്രോള്‍ യൂണിറ്റുകളും, 1,37,862 ബാലറ്റ് യൂണിറ്റുകളുമാണ് ഇത്തവണ ആകെ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്.


