23
Dec 2025
Fri
23 Dec 2025 Fri
actor akhil viswanath suicide

യുവനടന്‍ അഖില്‍ വിശ്വനാഥ് (30) നിര്യാതനായി. 2019ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്രപുരസ്‌കാരം നേടിയ സനല്‍കുമാര്‍ ശശിധരന്റെ ‘ചോല’ സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഓപറേഷന്‍ ജാവ ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചലച്ചിത്ര പ്രവര്‍ത്തകനായ മനോജ്കുമാറാണ് ഫെയ്‌സ്ബുക്കിലൂടെ അഖിലിന്റെ മരണവാര്‍ത്ത അറിയിച്ചത്. യുവനടന്‍ വീട്ടില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് ചോല.

അഖില്‍ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാന്‍ തനിക്കു കഴിയുന്നില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അയാള്‍ അടുത്തിടെ തൂടങ്ങാനിരിക്കുന്ന ഒടിടി എന്നൊരു സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു.

‘സങ്കടം തോന്നുന്നു അഖില്‍. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയില്‍ നിന്റെയുള്‍പ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവര്‍ക്ക് പങ്കുണ്ട്. നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്‌നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാന്‍ ഇടയാവട്ടെ.”- ഇങ്ങനെയാണ് സനല്‍കുമാര്‍ ശശിധരന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

വെനീസ് ഫിലിം ഫെസ്റ്റിവലിലേക്ക് ‘ചോല’ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സംവിധായകനും മറ്റു താരങ്ങള്‍ക്കുമൊപ്പം അഖില്‍ വിശ്വനാഥ് വെനീസ് മേളയില്‍ പങ്കെടുത്തിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സഹോദരനോടൊപ്പം ടെലിഫിലിമില്‍ അഭിനയിച്ചതിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരങ്ങള്‍ക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് നേടിയിരുന്നു.

actor akhil viswanath chola

ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചോല, വെനീസ്, ജനീവ, ടോക്കിയോ എന്നീ പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ചുങ്കാല്‍ പോള്‍സന്‍പടി ചെഞ്ചേരിവളപ്പില്‍ വിശ്വനാഥന്റെ മകനാണ്. മാതാവ്: ഗീത. സഹോദരന്‍: അരുണ്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് മാങ്കുറ്റിപ്പാടം ക്രിമറ്റോറിയത്തില്‍.

മൊബൈല്‍ ഷോപ്പില്‍ നിന്ന് ചോലയിലേക്ക്

ദ ക്യൂ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് അഞ്ചുവര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ തന്റെ ജീവിതം പറയുന്നത് ഇങ്ങനെയാണ്. തൃശുര്‍ ജില്ലയിലെ കോടാലിയാണ് വീട്. വീട്ടില്‍ അച്ഛനും അമ്മയും അനിയനുമുണ്ട്, അച്ഛന് കൂലിപ്പണിയാണ്, അമ്മ ചിട്ടി പിരിവിന് പോകുന്നു, സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം പഠിപ്പിക്കാന്‍ വന്നതാണ് മനോജ്-വിനോദ് എന്നീ മാഷുമ്മാര്‍, ഞാനും അനിയനും (അരുണ്‍ വിശ്വനാഥ്) അതില്‍ അഭിനയിച്ചിരിന്നു, അന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന രതീഷ് (രതീഷ് കുമാര്‍)എന്ന ഒരു ചേട്ടന്‍ ഒരു ഷോര്‍ട്ട്ഫിലിം ചെയ്യുന്നുണ്ടായിരുന്നു, അതില്‍ ഞാനും അനിയനും പ്രധാന വേഷം ചെയ്തു. ‘മാങ്ങാണ്ടി’ എന്നായിരുന്നു അതിന്റെ പേര്, അതിലെ അഭിനയത്തിന് ഞങ്ങള്‍ക്ക് സ്റ്റേറ്റ് അവാര്‍ഡൊക്കെ ലഭിച്ചിരുന്നു, നാട്ടില്‍ പിന്നെ എല്ലാവരും മാങ്ങാണ്ടി എന്ന് വിളിക്കാനും തുടങ്ങി. അനിയനായിരിന്നു ശരിക്കും അതില്‍ പ്രധാന വേഷം, മനോജ്- വിനോദ് മാഷ് ഒരുക്കിയ ആല്‍ബങ്ങളിലും ഒരു തമിഴ് സിനിമയിലും പിന്നെ അനിയന്‍ അഭിനയിച്ചു.

ചെറിയ വേഷത്തില്‍ ഞാനും, പിന്നീട് ഐടിഐയും ഹോട്ടല്‍ മാനേജ്മെന്റുമെല്ലാം പഠിക്കാന്‍ നോക്കിയെങ്കിലും ഓരോ പ്രശ്നങ്ങള്‍ കാരണം നടന്നില്ല, അങ്ങനെ വീണ്ടും മനോജ് മാഷിന്റെ അടുത്തെത്തി, പിന്നെ മാഷ് സ്‌ക്രിപ്റ്റ് എഴുതുന്നിടത്ത് സഹായിയായും, നാടകങ്ങളില്‍ ആര്‍ട് അസിസ്റ്റന്റായുമെല്ലാം പോകാന്‍ തുടങ്ങി, രതീഷേട്ടന്‍ തന്നെ പിന്നീട് തൃശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമ ചെയ്തപ്പോള്‍ അതിലെ ഒരു സീനിലും അഭിനയിച്ചു. പിന്നീട് ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യവെയാണ് ചോലയിലേക്കെത്തുന്നത്.”- അഖില്‍ പറയുന്നു.

പക്ഷേ ‘ചോല’ സിനിമക്കുശേഷം ചെറിയവേഷങ്ങളല്ലാതെ ബ്രേക്കിങ്ങായ സിനിമകള്‍ അദ്ദേഹത്തിന് ഉണ്ടായില്ല. പുതിയ ഒരുപാട് സിനിമകളുടെ ഡിസ്‌ക്കഷന്‍ നടക്കവെയാണ് അഖിലിന്റെ മരണവാര്‍ത്ത എത്തുന്നത്.