ഇത് അയോധ്യയല്ലെ മുര്‍ഷിദാബാദാണെന്നും ഇവിടെയെത്തി ആരും ബാബരി മസ്ജിദിനെ തൊടില്ലെന്നും ഇതു തന്റെ വെല്ലുവിളിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹുമയൂണ്‍ കബീര്‍ എംഎല്‍എ. അടുത്തിടെയാണ് പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തില്‍ ബാബരി മസ്ജിദ് നിര്‍മാണം ആംഭിച്ചത്. മസ്ജിദ് നിര്‍മാണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാണെന്നും ഫെബ്രുവരിയില്‍ നിര്‍മാണം ആരംഭിക്കുമെന്നും ഹുമയൂണ്‍ കബീര്‍ പറഞ്ഞു.
|
പള്ളി നിര്‍മാണത്തിനായി ഇതിനകം 20 കോടിയിലേറെ രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഈ പണം മുഴുവന്‍ ബാബരി നിര്‍മാണത്തിനായി വിനിയോഗിക്കുമെന്നും ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കി. പള്ളി നിര്‍മിക്കുന്നതിനുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. ജുമുഅ നിസ്്കാരം ഇവിടെ നടത്തും. ദശലക്ഷക്കണക്കിന് ഇഷ്ടികകളാണ് പള്ളി നിര്‍മാണത്തിനായി ഇവിടെ എത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
താനൊരിക്കലും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സ്വമേധയാ പുറത്തുപോയിട്ടില്ലെന്നും പാര്‍ട്ടിവിരുദ്ധ നടപടിയാരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ പുറത്താക്കുകയായിരുന്നുവെന്നും ഹുമയൂണ്‍ കബീര്‍ കൂട്ടിച്ചേര്‍ത്തു. തൃണമൂലില്‍ നി്ന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാവാത്ത ഹുമയൂണ്‍ കബീര്‍ ഡിസംബര്‍ 22ന് പുതിയ രാഷ്ട്രീയ പാര്‍്ട്ടി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 135 സീറ്റുകളില്‍ മല്‍സരിക്കുമെന്നാണ് ഹുമയൂണ്‍ കബീര്‍ പറയുന്നത്.





