മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് ജന്മഭൂമി പത്രത്തില്‍. ജന്മഭൂമിയുടെ ഇന്നത്തെ കണ്ണൂര്‍ എഡിഷന്‍ എഡിറ്റ് പേജായാണ് ചന്ദ്രികയുടെ മുഖപ്രസംഗം ഉള്‍പ്പെടെയുള്ള പേജ് അച്ചടിച്ചു വന്നത്.
|
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെയും എം കെ മുനീറിന്റെയും ലേഖനം ഉള്‍പ്പെടെയുള്ള എഡിറ്റോറിയല്‍ പേജ് ആണ് ജന്മഭൂമിയില്‍ അച്ചടിച്ചുവന്നത്. ‘അലകും പിടിയും ഇടതുമുന്നണി’ എന്ന തലക്കെട്ടിലുള്ള ചന്ദ്രികയുടെ എഡിറ്റോറിയലുമുണ്ട്. മുനീറിന്റെ ലേഖനം ആവട്ടെ സംഘപരിവാരത്തിന് എതിരായ വിമര്‍ശനവുമാണ്. പ്രിന്റിംഗിനിടെ പറ്റിയ അബദ്ധമെന്നാണ് സൂചന.
രണ്ട് പത്രങ്ങളും കണ്ണൂരിലെ പ്രതീക്ഷ പ്രസ്സില്‍ നിന്നാണ് അച്ചടിക്കുന്നത് എന്നാണ് അറിയുന്നത്. ജീവനക്കാര്‍ അബദ്ധത്തില്‍ ജന്മഭൂമി പത്രത്തിനൊപ്പം ചന്ദ്രികയുടെ എഡിറ്റ് പേജിന്റെ പ്ലേറ്റ് എടുത്ത് വച്ച് അടിച്ചതാവാം എന്നാണ് കരുതുന്നത്.
സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് രംഗത്തെത്തി. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയല്‍ പേജില്‍ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതമെന്നും ഇതിനെയാണ് അന്തര്‍ധാരയെന്ന് പറയുന്നതെന്നും പി എം മനോജ് പരിഹസിച്ചു. പേജ് പങ്കുവെച്ച് ഫേസ്ബുക്കിലാണ് പരിഹാസം.
സംഭവത്തില്‍, സംഘപരിവാര പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയുടെ പ്രസ്സിലാണ് കണ്ണൂരില്‍ ജന്മഭൂമി അച്ചടിക്കുന്നതെന്നും തികഞ്ഞ നിരുത്തരവാദിത്തമാണ് ഇത്തരമൊരു അബദ്ധത്തിന് ഇടയാക്കിയതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. സാധാരണ മറ്റു പ്രസ്സുകളില്‍ പത്രം അടിക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ആരെങ്കിലും അവിടെ ഉണ്ടാവേണ്ടതും കൃത്യമായ പരിശോധന നടത്തേണ്ടതുമാണ്. അത് ചെയ്യാത്തതാണ് ഇത്തരമൊരു നാണക്കേടിന് ഇടയാക്കിയതെന്നും അണികള്‍ വിമര്‍ശിച്ചു.





