Cheating charges against Lalu Yadav and family ന്യൂഡല്‍ഹി: റെയില്‍വേയിലെ ജോലിക്ക് പകരം ഭൂമി കൈക്കലാക്കിയെന്ന (Land-for-jobs scam) കേസില്‍ രാഷ്ട്രീയ ജനതാദള്‍ (RJD) അധ്യക്ഷനും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരേ കുറ്റം ചുമത്തി. ലാലുവിന് പുറമേ ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഡല്‍ഹി കോടതി വെള്ളിയാഴ്ച ക്രിമിനല്‍ കുറ്റം ചുമത്തിയത്.
|
അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയില്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലാലു യാദവിനെതിരെ അഴിമതി നിരോധന നിയമപ്രകാരവും, കുടുംബാംഗങ്ങള്‍ക്കെതിരെ ഐപിസി പ്രകാരമുള്ള വഞ്ചന, ഗൂഢാലോചന കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.
എന്താണ് കേസ്?
2004-നും 2009-നും ഇടയില്‍ ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത്, ഗ്രൂപ്പ്-ഡി തസ്തികകളില്‍ നിയമനം നല്‍കുന്നതിന് പകരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് ലാലുവിന്റെ കുടുംബാംഗങ്ങളുടെയോ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയോ പേരിലേക്ക് ഭൂമി എഴുതിവാങ്ങി എന്നതാണ് ആരോപണം.
സുതാര്യമായ റിക്രൂട്ട്മെന്റ് നടപടികളൊന്നും പാലിക്കാതെയാണ് ഈ നിയമനങ്ങള്‍ നടന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.
പൊതുനിയമനങ്ങളെ സ്വത്തുക്കള്‍ സമ്പാദിക്കാനുള്ള ഉപാധിയായി ഉപയോഗിച്ചുവെന്നും ലാലുവിന്റെ അടുത്ത അനുയായികള്‍ ഉള്‍പ്പെട്ട വലിയൊരു ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി.
ഈ കേസില്‍ ഉള്‍പ്പെട്ട 98 പ്രതികളില്‍ 46 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്നത്. ബാക്കിയുള്ളവരെ കോടതി വിട്ടയച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ലാലുവും കുടുംബവും ആരോപിച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം തുടരുകയാണ്. അഴിമതിയിലൂടെ സമ്പാദിച്ചതെന്ന് കരുതുന്ന നിരവധി സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.





