പോലീസ് പകയില്‍ 54 ദിവസം ജയിലില്‍ കഴിയേണ്ടി വന്ന താജുദ്ദീന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. പോലീസിന്റെ ഈ നടപടി വ്യക്തിസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.
|
ജീപ്പ് തള്ളാന്‍ വിസമ്മതിച്ചതിന് കള്ളക്കേസ്
2018 ജൂലൈ 11-നാണ് താജുദ്ദീന്റെ ജീവിതം കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടായത്. കുടുംബത്തോടൊപ്പം രാത്രി കാറില്‍ വരുമ്‌ബോള്‍ വീടിനു സമീപം വഴിയില്‍ ചെളിയില്‍ പുതഞ്ഞ പോലീസ് ജീപ്പ് കണ്ടു. സഹായിക്കണമെന്ന് താജുദ്ദീനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടുവേദനയുള്ളതിനാല്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങിയില്ല. പകരം മറ്റുള്ളവരാണ് പൊലീസിനെ സഹായിച്ചത്. ഇതില്‍ പ്രകോപിതരായ പൊലീസ് സംഘം താജുദ്ദീനെ പിടിച്ചു വലിച്ചിറക്കി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഇയാള്‍ കള്ളനാണെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം ഒരു സിസിടിവി ദൃശ്യം കാണിച്ച് അതിലുള്ളയാള്‍ താജുദ്ദീനാണെന്ന് പൊലീസ് ആരോപിച്ചു. ജൂലായ് അഞ്ചിന് പെരളശേരി പഞ്ചായത്തിലെ വെള്ളച്ചാലിനടുത്തെ ചോരക്കുളം എന്ന സ്ഥലത്തുവച്ച് വീട്ടമ്മയുടെ അഞ്ചരപ്പവന്‍ മാല പൊട്ടിച്ച ആളുടേതായിരുന്നു ദൃശ്യം. ദൃശ്യങ്ങളിലുള്ളത് താജുദ്ദീനാണെന്നുമാണ് എസ്ഐ പി.ബിജു ആരോപിച്ചു. സിസിടിവി ദൃശ്യങ്ങളിലെ സാദൃശ്യം ഉപയോഗപ്പെടുത്തിയായിരുന്നു പൊലീസ് നടപടി.
കരഞ്ഞു കാലുപിടിച്ചിട്ടും കേട്ടില്ല
താനല്ല കുറ്റക്കാരനെന്ന് പലതവണ കരഞ്ഞു പറഞ്ഞിട്ടും ചക്കരക്കല്‍ പൊലീസ് എസ്.ഐ പി.ബിജുവും സംഘവും അതു ചെവിക്കൊള്ളാന്‍ തയ്യാറായില്ല. കുറ്റം സമ്മതിപ്പിക്കാനായി പല പീഡന മുറകളും പോലീസ് പ്രയോഗിച്ചു. തെളിവെടുപ്പിനായി പലയിടങ്ങളില്‍ കൊണ്ടുപോവുകയും ചെയ്തു. താന്‍ കുടുംബത്തോടൊപ്പം മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി പുറത്തുപോയി വരികയായിരുന്നെന്നും തന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ നിരപരാധിത്വം തെളിയുമെന്നും താജുദ്ദീന്‍ പൊലീസിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്കോ വിശദമായ അന്വേഷണത്തിനോ മുതിരാതെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ കുറ്റവാളിയായി മുദ്രകുത്തുകയായിരുന്നു.
54 ദിവസം ജയിലില്‍
മോഷണത്തിന് ഉപയോഗിച്ച ബൈക്കും മാലയും കണ്ടെടുക്കാനുണ്ടെന്ന് കാണിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിര്‍ത്തതോടെ 54 ദിവസത്തോളം ഇദ്ദേഹത്തിന് റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കഴിയേണ്ടി വന്നു. ഖത്തറില്‍ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. ജയിലില്‍ കിടന്നതുകാരണം ഗള്‍ഫിലെ ജോലി നഷ്ടമായി.
ജാമ്യം ലഭിച്ച ശേഷം തിരികെ ഖത്തറിലേക്ക് പോയെങ്കിലും അവിടെയും താജുദ്ദീനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു. നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അബ്സ്‌കോണ്ടിങ് ആണെന്ന് കാണിച്ച് അവിടെയും ജയിലില്‍ കിടക്കേണ്ടി വരികയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു.
കേസ് നടത്താനായി ഭാര്യയുടെ സ്വര്‍ണം ഉള്‍പ്പെടെ വില്‍ക്കേണ്ടി വന്നു. പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ത്ഥപ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പീതാംബരന്‍ എന്നയാള്‍ പിടിയിലായതോടെയാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നത്. ജയിലില്‍ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വെളിച്ചത്തായത്.
പൊലീസിന്റെ പിഴവിന് നഷ്ടപരിഹാരം
പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്. കേവലം സംശയത്തിന്റെ പേരില്‍ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ കൃത്യവിലോപത്തിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ ഉടന്‍ താജുദ്ദീന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനൊപ്പം, താജുദ്ദീന് 25,000 രൂപ കോടതി ചെലവായും നല്‍കാന്‍ ഉത്തരവിലുണ്ട്.
സത്യം ജയിച്ചെന്ന് താജുദ്ദീന്‍
ഒടുവില്‍ സത്യം ജയിച്ചുവെന്നും കോടതി വിധിയിലൂടെ അതു തെളിഞ്ഞിരിക്കുകയാണെന്നും താജുദ്ദീന്‍ പ്രതികരിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെട്ടതിന്റെ സന്തോഷത്തിലാണ് താജുദ്ദീന്റെ കുടുംബവും പൊലിസില്‍ നിന്നും ലഭിച്ച പീഡന കഥകള്‍ ഓര്‍ത്തെടുത്തു കൊണ്ടു ഒരു പുസ്തകവും താജുദ്ദീന്‍ രചിച്ചിട്ടുണ്ട്.
്പൊലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതെന്ന് കോടതി വിധി ന്യായത്തില്‍ പരാമര്‍ശിച്ചു. നിയമാനുസൃത നടപടികള്‍ പ്രകാരം നഷ്ടപരിഹാരത്തുക കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരിന് വേണമെങ്കില്‍ ഈടാക്കാവുന്നതാണ്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് വാദിഭാഗത്തിന് തടസമില്ല.
കീഴ്കോടതിയെ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഈ ഉത്തരവ് തടസമാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.


