Tantri Kandararu Rajeevaru remanded തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ ആദ്യ കേസിലും പ്രതിയാക്കും. പാളികള്‍ പുറത്തുകൊണ്ടുപോകുന്നത് തന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും തിരികെയെത്തിക്കാന്‍ വൈകിയപ്പോഴും ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടി ദ്വാരപാലക കേസില്‍ക്കൂടി പ്രതിചേര്‍ക്കാന്‍ എസ്ഐടി കോടതിയുടെ അനുമതി തേടും. കേസില്‍ ചൊവ്വാഴ്ച അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി കോടതിക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
|
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ഠരര് രാജീവരരെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലേക്കാണ് കൊണ്ടുപോയത്. ഈ മാസം 13ന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കും. 23 വരെയാണ് റിമാന്‍ഡ് കാലാവധി.
നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത പത്മകുമാറിന്റെയും ഗോവര്‍ധന്റെയും മൊഴികളാണ് സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് കുരുക്കായത്. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നുവെന്നും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ALSO READ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് മോഹനര് അറസ്റ്റില്‍
പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയത് തന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി അനുജ്ഞ രേഖാമൂലം നല്‍കിയില്ലെന്നും പത്മകുമാര്‍ എസ്ഐടിക്ക് നല്കിയ മൊഴിയിലുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്ക് തന്ത്രിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് ഗോവര്‍ധനും പറഞ്ഞിരുന്നു.
തന്ത്രിയുടെ അനുമതിയോടെയല്ല ശബരിമലയില്‍ നിന്ന് കട്ടിളപാളികളും മറ്റും ഇളക്കിക്കൊണ്ട് പോയതെങ്കില്‍ രാജീവര് അതിനെ കുറിച്ച് ദേവസ്വം ബോര്‍ഡിനെ രേഖാമൂലം അറിയിക്കുകയോ ആചാര ലംഘനം നടത്തി മുതലുകള്‍ കൊണ്ട് പോയതിനെതിരെ യാതൊരു നടപടികളും സ്വീകരിക്കുകയോ ചെയ്യാതെ കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കൂടാതെ, ദേവസ്വം ജീവനക്കാരുടെ മൊഴിയും തന്ത്രിക്ക് തിരിച്ചടിയാവുകയായിരുന്നു. തന്ത്രിയും ഉണ്ണികൃഷ്ണന് പോറ്റിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും 2008ല്‍ പോറ്റി ശബരിമലയിലെത്തിയതായും ജീവനക്കാര്‍ മൊഴി നല്കി.
ഇന്നലെയാണ് ശബരിമല സ്വര്‍ണക്കൊള്ളയിലെ നിര്‍ണായക നീക്കമായി എസ്ഐടി തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് എസ്ഐടി. ഉണ്ണികൃഷ്ണന് പോറ്റിയെയും തന്ത്രിയെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ഇരുവര്‍ക്കും വേണ്ടി കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും.





