ഇടുക്കി ഉപ്പുതറയില്‍ യുവതിയെ തലയ്ക്കടിച്ചുകൊന്ന് കടന്നുകളഞ്ഞ ഭര്‍ത്താവ് ജീവനൊടുക്കി. എംസി കവല സ്വദേശി സുബിന്‍(രതീഷ്) ആണ് മരിച്ചത്. ഈ മാസം ആറിനാണ് സുബിന്റെ ഭാര്യ രജനിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ സുബിനു വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ സുബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
രജനി മരിച്ച ദിവസം ഉച്ചയോടെ സുബിന്‍ ബസില്‍ കയറി പോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെ സുബിന്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് തമിഴ്നാട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടെ സുബിന്‍ കേരളത്തിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സുബിന്റെ മൃതദേഹം കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് സുബിന്‍. സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.


