24
Jan 2026
Sat
24 Jan 2026 Sat
three arrested for fraud by impersonating as GST officials

ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിയിലേറെ രൂപ തട്ടിയ മൂന്നംഗസംഘം പിടിയില്‍. കോഴഞ്ചേരി ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ഇമ്മാനുവല്‍ ആര്‍ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളുടെ വിവരശേഖരണം നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. പിഴയും കുടിശ്ശികയും കുറവ് ചെയ്തു നല്‍കാമെന്നും ഇതു തവണകളാക്കി അടയ്ക്കാനുള്ള സൗകര്യം ഒരുക്കി നല്‍കാമെന്നും പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

കോഴഞ്ചേരിയിലെ ഒരു ബേക്കറിയില്‍ എത്തിയ ബിജോ മാത്യു ജിഎസ്ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നുകയും ഇദ്ദേഹം ജിഎസ്ടി വകുപ്പിലെ ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് പ്രതികള്‍ ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും , മറ്റൊരു ബേക്കറി -ക്വാറി ഉടമയില്‍ നിന്നും 5 ലക്ഷവും , ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും 4 ലക്ഷവും, കാഞ്ഞങ്ങാടുള്ള ഒരു കമ്പനിയില്‍നിന്നും 45 ലക്ഷവും ഈ സംഘം തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.

ആദ്യം ബിജോ മാത്യുവാണ് തട്ടിപ്പി നടത്താന്‍ തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ആദ്യമെത്തുക. ജിഎസ്ടിയിലെ ഇന്റലിജന്‍സ് സ്‌ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താന്‍ എന്നും ജിഎസ്ടി, ഇഡി, ഇന്‍കം ടാക്‌സ് എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കും എന്നും പറഞ്ഞ് ഉടമകളുടെ അവരുടെ വിശ്വാസം നേടുന്ന ബിജോ മാത്യു പിന്നീട് ജിഎസ്ടി ഇന്റലിജന്‍സിന്റെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവലിനേയും, ജി എസ് ടി കമ്മീഷണറായി ഡെന്നിസ് ജേക്കബിനെയും അവതരിപ്പിക്കും. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ജില്ലാ പോലിസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് കെ ജിയുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.

ALSO READ: ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകള്‍ സഭ വിട്ടു; എട്ടുവര്‍ഷമായി കൈകാലുകള്‍ കെട്ടപ്പെട്ട ജീവിതമാണ് തന്റേതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിതയുടെ വെളിപ്പെടുത്തല്‍