24
Jan 2026
Fri
24 Jan 2026 Fri
kerala congress m leaders

മുന്നണി മാറ്റ ഊഹാപോഹങ്ങള്‍ സജീവമായിരിക്കേ കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള കോണ്‍ഗ്രസ്(എം)ല്‍ യുഡിഎഫിലേക്ക് പോകാനുള്ള സാധ്യത നിലവില്‍ മങ്ങിയിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഒരുമിച്ച് യുഡിഎഫിലേക്ക് പോകാമെന്ന പദ്ധതി പൊളിഞ്ഞത്. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനോടൊപ്പം എന്ന നിലപാട് സ്വീകരിച്ചിരുന്ന ചീഫ് വിപ്പ് എന്‍ ജയരാജും ഇടതുപക്ഷത്തോടൊപ്പമെന്ന നിലപാടിലേക്ക് മാറി. പ്രമോദ് നാരായണന്‍ എംഎല്‍എ ആദ്യം മുതലേ കൂറുമാറ്റത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേരും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന അവസ്ഥ വന്നതോടെ യുഡിഎഫിലേക്ക് പോകാം എന്ന പദ്ധതി നിര്‍ജ്ജീവമാകുകയായിരുന്നു. ഇതോടെയാണ് എല്‍ഡിഎഫ് വിടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കിയത്.

ALSO READ: കേരളത്തില്‍ എസ്‌ഐആറില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രിംകോടതി

ഏത് തീരുമാനവും ഒരുമിച്ച് മതിയെന്ന നിലപാട് ജോസ് കെ മാണിക്കുണ്ട്. അത് കൊണ്ട് തന്നെ റോഷിയടക്കമുള്ള എംഎല്‍എമാര്‍ മറുകണ്ടം ചാടാനില്ലെന്ന സന്ദേശം നല്‍കിയതോടെ നിലവില്‍ കേരള കോണ്‍ഗ്രസ് എം മറ്റൊരു നിലപാട് സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.

എന്നാല്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി രൂപപ്പെടുന്ന അന്തരീക്ഷം കാണാതിരിക്കാന്‍ കേരള കോണ്‍ഗ്രസ്(എം)ന് കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അതാണ് കെ മുരളീധരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും എന്ന ജോസ് കെ മാണിയുടെ പ്രസ്താവനയും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്.