കൊച്ചി ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ കയറി ഉടമയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു യുവാവ് ഇവിടെ പ്രദർശിപ്പിച്ചിരുന്ന മാലയുമായി കടന്നു. രക്ഷപെടുന്നതിനിടെ മോഷ്ടാവും സഹോദരനും പിടിയിലായി. കവർച്ചയ്ക്കു ശേഷം കടന്നുകളയുന്നതിനിടെ കവർച്ചക്കാരായ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. നിലമ്പൂർ സ്വദേശി തോമസ് (30), സഹോദരൻ മാത്യു (27) എന്നിവരാണു പിടിയിലായത്. അതേസമയം ഇവർ മോഷ്ടിച്ച മാല എണ്ണായിരം രൂപയുടെ ഡമ്മി മാലയായിരുന്നുവെന്നു ജ്വല്ലറി ഉടമ അറിയിച്ചു.
|
ഇടപ്പള്ളി ടോളിലുള്ള സാറ ഗോൾഡ് ജ്വല്ലറിയിലായിരുന്നു സംഭവം. ആവശ്യാനുസരണം ആഭരണങ്ങൾ നിർമിച്ചു നൽകുന്ന ജ്വല്ലറിയായതിനാൽ റോൾഡ് ഗോൾഡ് മാതൃകകളാണ് ഇവിടെ പ്രദർശനത്തിനു വച്ചിരുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു മോഷണം. ഈ സമയം കടയുടമ സന്തോഷിന്റെ ഭാര്യ ബിന്ദു മാത്രമേ ജ്വല്ലറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് ഹെൽമെറ്റ് ധരിച്ച ഒരാൾ പെട്ടെന്ന് അകത്തേക്ക് കയറിവന്ന് ബിന്ദുവിന്റെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിച്ചത്. ബിന്ദു ഇത് തട്ടിമാറ്റാൻ ശ്രമിക്കുമ്പോഴേക്കും ഷോകേസിൽ വച്ചിരുന്ന ഒരു മാലയും വലിച്ചെടുത്ത് കള്ളൻ പുറത്തേക്കു പോവുകയായിരുന്നു. പിന്നാലെ നിലവിളിച്ചുകൊണ്ട് ബിന്ദുവും കടയ്ക്കു പുറത്തെത്തി.
മോഷണമുതലുമായി മോഷ്ടാവും സഹോദരനും കടന്നുകളയുന്നതിനിടെ ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചു. ഇതിന്റെ പേരിൽ തർക്കം നടക്കുമ്പോഴാണ് ബിന്ദുവിന്റെ കരച്ചിലും ഒച്ചപ്പാടും നാട്ടുകാർ കേൾക്കുന്നത്. ഇതോടെ ഓടാൻ ശ്രമിച്ച തോമസിനെ തോമസിനെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപിച്ചു. മാത്യു രക്ഷപെട്ടു. ചൊവ്വാഴ്ച ഇയാളെ ജാമ്യത്തിലിറക്കാനായി മാത്യു സ്റ്റേഷനിൽ എത്തിയപ്പോഴാണ് തലേന്ന് കൂടെയുണ്ടായിരുന്നത് ഇയാൾ ആണോ എന്ന് പോലീസിനു സംശയം തോന്നുന്നതും പിന്നീടുള്ള പരിശോധനയിൽ ഇതു തെളിയുന്നതും. തോമസ് പുറത്തു കാത്തു നിൽക്കുമ്പോൾ മാത്യുവാണ് ജ്വല്ലറിക്കുള്ളിൽ കടന്ന് മാല മോഷ്ടിച്ചത്.
നിലമ്പൂർ ഭാഗത്ത് മോഷണവും മറ്റുമായി നടന്നിരുന്ന സഹോദരങ്ങൾ കേസുകൾ കൂടിയതോടെയാണ് കൊച്ചിയിലേക്കു താവളം മാറ്റിയത്. സ്ഥിരം മോഷ്ടാക്കളാണ് ഇവരെന്നും നഗരത്തിൽ വാടകയ്ക്കു താമസിച്ച് മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറയുന്നു. മോഷ്ടിക്കാൻ എത്തിയ ബൈക്ക് പുത്തൻകുരിശിൽനിന്നു മോഷ്ടിച്ചതാണെന്നും പോലീസ് പറയുന്നു.





