02
Feb 2026
Sun
02 Feb 2026 Sun
muhammed deepak

Muhammed Deepak, Gym Trainer Stands Up to Bajrang Dal  ഉത്തരാഖണ്ഡില്‍, ഒരു മുസ്ലിം വയോധികന്റെ മുപ്പത് വര്‍ഷം പഴക്കമുള്ള കടയുടെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍ തീവ്രവാദികളുടെ ഒരു കൂട്ടം സമ്മര്‍ദ്ദം ചെലുത്തി. ആ നിമിഷം, അക്രമിസംഘത്തിനും കടയുടമയ്ക്കും ഇടയില്‍ ഒരു കവചം പോലെ ഒരാള്‍ ഉറച്ചുനിന്നു; കൊള്ളയടിക്കാനുള്ള നീക്കത്തെയും ഭീഷണികളെയും അദ്ദേഹം തടഞ്ഞു. മുഹമ്മദ് ദീപക് എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറില്‍, മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ‘ബാബ സ്‌കൂള്‍ ഡ്രസ്’ എന്ന കടയുടെ പേരില്‍ നിന്ന് ‘ബാബ’ എന്നത് ഒഴിവാക്കാനായിരുന്നു ഹിന്ദുത്വ സംഘടനകള്‍ ഉടമ ശുഐബ് സല്‍മാനിയോട് ആവശ്യപ്പെട്ടത്. ഇത് ഒരു പ്രാദേശിക ആരാധനാമൂര്‍ത്തിയുമായി ബന്ധപ്പെട്ട പേരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമ്മര്‍ദ്ദം.

ജിം ട്രെയിനറായ ദീപക് കുമാറും സുഹൃത്ത് വിജയ് റാവത്തും ബജ്‌റംഗ്ദളുകാരെ നേരിട്ടു. ഇരുവരും വിഷയത്തില്‍ ഇടപെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. മതസൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി ഇവര്‍ നടത്തിയ ഇടപെടലുകള്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടു.

ഇന്ന്, നമ്മുടെ കാലഘട്ടത്തിലെ ഭഗത് സിംഗ് എന്നാണ് മുഹമ്മദ് ദീപക് വിശേഷിപ്പിക്കപ്പെടുന്നത്. ആ വയോധികനായ കടയുടമയ്ക്ക് വേണ്ടി അദ്ദേഹം നിലകൊണ്ടതിന് പിന്നാലെ, നൂറ്റമ്പതിലധികം വരുന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടുകയും അക്രമങ്ങളും ഭീഷണികളും അസഭ്യവര്‍ഷവും നടത്തുകയും ചെയ്തു. എന്നാല്‍, ദീപക് ശാന്തനും ദൃഢനിശ്ചയമുള്ളവനുമായി തുടര്‍ന്നു. അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ അലയടിക്കുകയാണ്:

‘ഞാന്‍ ജീവിച്ചാലും ഇല്ലെങ്കിലും, മനുഷ്യത്വം നിലനില്‍ക്കും.’

ധൈര്യം, മനസാക്ഷി, മനുഷ്യത്വം എന്നിവയുടെ കരുത്തില്‍ ഹിന്ദുത്വരെ ഒറ്റയ്ക്ക് നേരിട്ട ദീപകിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ദ്വേഷം പടരുന്ന ഈ അന്തരീക്ഷത്തില്‍ ദീപക്കിന് താന്‍ ഒറ്റപ്പെട്ടവനാണെന്നോ സുരക്ഷിതനല്ലെന്നോ തോന്നാതിരിക്കാന്‍ ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. സഹിഷ്ണുത കുറഞ്ഞുവരുന്ന ഈ നഗരത്തില്‍ ദീപക്കിനെപ്പോലെയുള്ള മനുഷ്യരെ നമുക്ക് ആവശ്യമാണെന്നും അദ്ദേഹത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ നാം അനുവദിക്കില്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

ALSO READ: പശുക്കടത്ത് ആരോപിച്ച് ദലിത് യുവാക്കളെ കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു, മുടി മുറിച്ചു, മലിനജലം കുടിപ്പിച്ചു; മുട്ടുകുത്തി നടത്തിച്ചു, പണം കൊള്ളയടിച്ചു

കടയുടമയെ ഭീഷണിപ്പെടുത്തുന്നത് തടഞ്ഞതിന് പിന്നാലെ തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക ഭീഷണി ഉയര്‍ന്നതായി ദീപക് കുമാര്‍ പറയുന്നു. കോട്ദ്വാറിലെ ദീപക് കുമാറിന്റെ വീടിന് മുന്നിലെത്താനും ദീപക്കിനെ ‘ഒരു പാഠം പഠിപ്പിക്കാനും’ ബജ്റംഗ് ദള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ആക്രമണ സാധ്യതയുണ്ടെന്ന് ദീപക് പൊലീസിനെ വിവരം അറിയിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നിങ്ങളായിരിക്കുമെന്നും അധികൃതരെ അറിയിച്ചു.

തൊട്ടടുത്ത ദിവസം രാവിലെ ഒരുകൂട്ടം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിന്റെ വീട്ടിനു മുന്നിലെത്തി. മുദ്രാവാക്യം വിളിച്ചും ദീപക്കിനെയും വീട്ടുകാരെയും അധിക്ഷേപിച്ചും ഇവര്‍ ഏഴ് മണിക്കൂറോളം വീടിന് മുന്നില്‍ തുടര്‍ന്നു. ‘അവര്‍ എന്റെ അമ്മയെയും സഹോദരിയെയും കുടുംബത്തെയാകെയും അധിക്ഷേപിച്ചു. എന്നാല്‍, അധികൃതര്‍ ഒന്നും ചെയ്തില്ല’ -ദീപക് പറയുന്നു. രണ്ട് മണിക്കൂറോളം പൊലീസ് തന്നെ ഒരു സെല്ലില്‍ അടച്ചതായും അദ്ദേഹം പറഞ്ഞു. സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ഒരുകൂട്ടം ആളുകള്‍ വരുമ്പോള്‍ തന്നെ ഉള്ളിലിടുകയാണോ വേണ്ടതെന്ന് ദീപക് ചോദിക്കുന്നു.

ദീപക്കിന്റെ ജിമ്മിന് പുറത്തും ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തി. ദീപക്ക് പേടിച്ചോടിയെന്നും, ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്നും പരസ്യമായി പറഞ്ഞ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചു. എന്നാല്‍, താന്‍ എങ്ങോട്ടും പോയിട്ടില്ലെന്ന് ദീപക് പറഞ്ഞു. ‘നമ്മുടെ രാജ്യത്തിന് വേണ്ടത് സ്നേഹവും അനുകമ്പയുമാണ്. വിദ്വേഷമല്ല. സ്നേഹം പ്രചരിപ്പിക്കുകയെന്നത് വലിയ കാര്യമാണ്’ -വീഡിയോയില്‍ ദീപക് പറയുന്നു.

അതേസമയം, സമൂഹമാധ്യമങ്ങളില്‍ ദീപക്കിന്റെ ധീരതയ്ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ദീപക്കിനെ പോലുള്ള കരുത്തും ധൈര്യവുമുള്ള യുവാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന മറുപടി ട്രെന്‍ഡിങ്ങായി.