കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കഴിഞ്ഞ 10 കൊല്ലമായി ജനം വീര്‍പ്പുമുട്ടലിലാണെന്നും ഇത്രയും വലിയൊരു സര്‍ക്കാര്‍വിരുദ്ധ വികാരം മുമ്പുണ്ടായിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
|
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനഫലമാണ് ഈ ഭരണവിരുദ്ധ വികാരം. കേരളത്തിലെ ജനങ്ങളെല്ലാം പൊറുതിമുട്ടിയിരിക്കുന്ന കാലത്താണ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ നിലനിര്‍ത്താന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേമ പെന്‍ഷന്‍ യുഡിഎഫ് നിര്‍ത്തുമെന്നത് തെറ്റായ പ്രചാരമാണെന്നും അദ്ദേഹം പറഞ്ഞു.
നടക്കാത്ത കാര്യങ്ങള്‍ നടപ്പാക്കിയ സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. ശബരിമലയിലെ സ്വര്‍ണ കട്ടുകൊണ്ടുപോകുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അമ്പലക്കള്ളന്മാരെ പിടിച്ച് അകത്തിടുക എന്നതാണ് യുഡിഎഫിന്റെ ആദ്യ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിഫൈനല്‍ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് ജാഥയെ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികള്‍ മാത്രമാണുള്ളത്. ശബരിമല സ്വര്‍ണക്കൊള്ള എല്‍ഡിഎഫ് ഒതുക്കിതീര്‍ക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷികളുടേയും നേതാക്കളും ജാഥയില്‍ വി.ഡി സതീശനൊപ്പമുണ്ട്.


