12
Feb 2026
Thu
12 Feb 2026 Thu
nationwide strike

national strike കൊച്ചി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. സംസ്ഥാനത്ത ജനജീവിതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളില്‍പ്പെട്ട തൊഴിലാളികളാണ് പങ്കെടുക്കുന്നത്. ഇന്ന് അര്‍ധരാത്രി വരെ തുടരുന്ന പണിമുടക്കില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്നവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.

സ്വകാര്യബസ്, ഓട്ടോ ടാക്സി സേവനങ്ങള്‍, കെഎസ്ആര്‍ടിസി എന്നിവ നിര്‍ത്തിവെക്കുന്നത് ഗതാഗതത്തെ ബാധിച്ചു. ബാങ്കുകളുടേയും വ്യാപാര സഥാപനങ്ങളുടേയും പ്രവര്‍ത്തനം തടസപ്പെടും. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍-പത്രം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കണ്‍വന്‍ഷനുകളെയും തീര്‍ത്ഥാടകരെയും ഒഴിവാക്കി.

അതേസമയം പതിവുപോലെ ഇന്നും സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അറിയിച്ചു. സാധാരണ പോലെ രാവിലെ 6.30 മുതല്‍ രാത്രി 10 മണി വരെ സര്‍വീസ് നടത്തും. കൊച്ചി വാട്ടര്‍ മെട്രോയും സര്‍വ്വീസ് നടത്തും. എന്നാല്‍ മെട്രോ ഫീഡര്‍ ബസ്സുകള്‍ ആലുവയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമുള്ള രണ്ട് റൂട്ടുകളില്‍ മാത്രമേ സര്‍വ്വീസ് നടത്തൂ. മറ്റ് ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നാണ് കൊച്ചി മെട്രോ അറിയിച്ചത്.

പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. തൊഴിലാളി വിരുദ്ധ ലേബര്‍കോഡ് കേന്ദ്രസര്‍ക്കാരിന്റെ സംഭാവനയാണെങ്കില്‍ അതിന് അനുസരിച്ച് ചട്ടങ്ങള്‍ ഉണ്ടാക്കിയത് കേരളത്തിലെ ഇടതുസര്‍ക്കാര്‍ ആണെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പറഞ്ഞു.