Gold rate in Kerala സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1,920 രൂപയാണ് ഇടിഞ്ഞത്. 1,14,240 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 14,280 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണം.
|
ഈ മാസം ആദ്യം (ഫെബ്രുവരി 1) 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിറ്റേന്ന് ഉച്ചയ്ക്ക് (ഫെബ്രുവരി 2) വിലയിടിഞ്ഞ് 1,07,920 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. പിന്നീട് വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് വിപണി കണ്ടത്. ഫെബ്രുവരി രണ്ടിന് നാലുതവണയാണ് വില മാറി മറിഞ്ഞത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും ചാഞ്ചാട്ടം തുടര്‍ന്നു. ഫെബ്രുവരി 11 ന് 1,17,040 രൂപയായിരുന്ന വില പിന്നീട് ഇന്നലേയും ഇന്നുമായി കുറയുകയായിരുന്നു. അഖിലേന്ത്യ പണിമുടക്ക് ദിനമായിരുന്ന ഇന്നലെ വില ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,520 രൂപയാകുകയും പവന് 880 രൂപ കുറഞ്ഞ് 1,16,160 രൂപയാകുകയും ചെയ്തിരുന്നു.
അമേരിക്കയുടെ ജനുവരിയിലെ തൊഴില്‍ക്കണക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇരട്ടിയിലധികം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതോടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്ന വിലയിരുത്തല്‍ ശക്തമായി. ഇത് യുഎസ് ഡോളറിന്റെയും (ഡോളര്‍ ഇന്‍ഡക്‌സ്) യുഎസ് ട്രഷറി യീല്‍ഡിന്റെയും മുന്നേറ്റത്തിന് കാരണമായി. അതോടെ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി.
വെള്ളിവിലയും ഇടിഞ്ഞു
വെള്ളിവിലയിലും ഇന്നത്തെ ദിവസം ഇടിവാണ് സംഭവിച്ചത്. 20 രൂപ ഗ്രാമിന് കുറഞ്ഞ് 280 രൂപയും കിലോയ്ക്ക് 20,000 രൂപ കുറഞ്ഞ് 2,80,000 രൂപയുമായി ഇന്നത്തെ വില.
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ല സമയം
സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈയാഴ്ച വളരെ നല്ലതാണ്. വന്‍വിലക്കുറവില്‍ വാങ്ങിക്കാന്‍ സാധിക്കില്ലെങ്കിലും വില ഉയരും മുമ്പേ ഒരു പവനോ ഗ്രാമോ വീട്ടിലേക്കെത്തിക്കാം. 2026ല്‍ 6,500 ഡോളറിന് മുകളിലേക്ക് അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇപ്പോള്‍ തന്നെ സ്വര്‍ണം വാങ്ങിക്കുന്നതാണ് നല്ലത്.




