കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമായേക്കുമെന്ന വിലയിരുത്തലിലാണ് മുന്നണി. ഒരു വിഭാഗം നേതാക്കള്‍ യുഡിഎഫിലെത്താനുള്ള സാധ്യത നേതൃത്വം തള്ളികളയുന്നില്ല. സാഹചര്യം നിരീക്ഷിച്ച് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും ധാരണയായി. സീറ്റ് വിഭജന ചര്‍ച്ച തിരക്കിട്ട് തീര്‍ക്കേണ്ടെന്നാണ് വിലയിരുത്തല്‍.
|
ജോസ് കെ മാണിക്ക് ഇങ്ങനെ റോഷിക്കൊപ്പം തുടരാന്‍ ആകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇക്കാര്യത്തിലെ തുടര്‍ വികാസങ്ങള്‍ നിരീക്ഷിച്ച് ജോസ് കെ മാണിയുമായി ആശയ വിനിമയം തുടങ്ങുന്നതില്‍ തീരുമാനം എടുക്കും.
കഴിഞ്ഞ മാസവും കേരളാ കോണ്‍ഗ്രസ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പുറത്ത് കാണിക്കുന്നില്ലെങ്കിലും കേരള കോണ്‍ഗ്രസ് തങ്ങളോടൊപ്പം ചേര്‍ന്നേക്കുമെന്ന പ്രതിക്ഷയിലാണ് കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് നേതൃ നിരയിലും രണ്ട് അഭിപ്രായമുയരുന്നുണ്ടെന്നാണ് സൂചന. യുഡിഎഫിന് ഒപ്പം നില്‍ക്കുന്നതാകും നല്ലതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇതിന് പിന്നാലെ വന്ന ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു.
ALSO READ: മരണത്തെ തോല്‍പ്പിച്ച കുഞ്ഞു മാലാഖ; ആലിന് ഷെറിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കും
എന്നാല്‍, കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ മാണി തന്നെ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാന്‍ ഒരുങ്ങുമ്പോഴായിരുന്നു മൈക്ക് പിടിച്ചുവാങ്ങി റോഷി ഇക്കാര്യം പറഞ്ഞത്. ‘ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാര്‍ട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും,’ എന്ന് റോഷി അഗസ്റ്റിന് പറഞ്ഞു. പാലായില്‍ തന്നെയാകും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം,ആര്‍ക്കും ഇളക്കാനാകാത്ത സഖ്യകക്ഷിയായി കേരള കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും എല്ലാവരും ചേര്‍ന്നതാണ് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഉറച്ച ഘടകകക്ഷിയെന്നും ബിനോയ് വിശ്വം പറഞ്ഞു.





