കൊല്ലം: മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനമുണ്ട്. ഇതില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയുന്നത്.
|
2021ല്‍ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ യുഡിഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അയിഷാ പോറ്റി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം. ബിജെപി നേതാക്കളും രശ്മിയുമായി ദിവസങ്ങളായി ബന്ധപ്പെട്ടു വരികയാണ്.
രണ്ട് ഉപാധികള്‍ രശ്മി കോണ്‍ഗ്രസിന് മുന്നില്‍ വച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാല്‍ അനുകൂലമായ മറുപടി കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയില്ലെന്നാണ് വിവരം. തുടര്‍ന്ന് പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ആര്‍ രശ്മി.
ALSO READ: മലബാര്‍ മിസ്റ്ററി ഒഴിവാക്കി; സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേര് ‘മിന്നല്‍ മാജിക്’
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി രശ്മി ഇന്ന് കൂടിക്കാഴ്ച നടത്തും. മാരാര്‍ജി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഇന്നു തന്നെ പാര്‍ട്ടി പ്രവേശനവും ഉണ്ടായേക്കാം. രാജീവ് ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനം ഇന്ന് 12 മണിക്ക് നടക്കുന്നുണ്ട്. അവിടെ വെച്ചായിരിക്കാം രശ്മിയുടെ ബിജെപി പ്രവേശനവും ഔദ്യോഗികമാവുക.
മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി അനുഭാവിയും ആയിരുന്ന അഖില്‍ മാരാര്‍ കഴിഞ്ഞ ദിവസം എന്‍ഡിഎയുടെ ഭാഗമായ ട്വന്റി20യില്‍ ചേര്‍ന്നിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ യുഡിഎഫില്‍ സീറ്റിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അത് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചില്ല. തുടര്‍ന്നാണ് എന്‍ഡിഎയിലേക്ക് ചുവടുമാറ്റം നടത്തിയത്.



