രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നടന്ന പുതപ്പ് വിതരണ ചടങ്ങില്‍ മുസ്ലിം സ്ത്രീകളോട് വിവേചനം കാണിച്ച മുന്‍ ബിജെപി എംപി സുഖ്ബീര്‍ സിംഗ് ജൗനാപുരിയയുടെ നടപടി വലിയ വിവാദമാകുന്നു. വരിയില്‍ നിന്ന മുസ്ലിം സ്ത്രീകളോട് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയും അവര്‍ക്ക് നല്‍കിയ പുതപ്പുകള്‍ തിരികെ വാങ്ങുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്. ഫെബ്രുവരി 22-ന് നിവായ് നിയമസഭാ മണ്ഡലത്തിലെ കരേഡ ബുസുര്‍ഗ് ഗ്രാമത്തിലായിരുന്നു സംഭവം.
|
അപമാനിക്കപ്പെട്ടെന്ന് സ്ത്രീകള്‍
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വരിയില്‍ നിന്ന സ്ത്രീകളോട് പേര് ചോദിക്കുകയും മുസ്ലിം ആണെന്ന് അറിഞ്ഞതോടെ അവരോട് വരിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ‘ഞങ്ങള്‍ മൂന്ന് മുസ്ലിം സ്ത്രീകളാണ് അവിടെയുണ്ടായിരുന്നത്. അവര്‍ ഞങ്ങളുടെ പേര് ചോദിച്ചു, എന്നിട്ട് തന്ന പുതപ്പുകള്‍ ബലമായി പിടിച്ചുവാങ്ങി. തരാന്‍ ഉദ്ദേശ്യമില്ലായിരുന്നെങ്കില്‍ എന്തിനാണ് ഞങ്ങളെ വിളിച്ചുവരുത്തിയത്?’ അപമാനിക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ ചോദിച്ചു. ‘ഞങ്ങള്‍ പാവപ്പെട്ടവരായിരിക്കാം, പക്ഷേ അന്തസ്സുള്ളവരാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒറ്റക്കെട്ടായി ഗ്രാമവാസികള്‍; പുതപ്പുകള്‍ തിരിച്ചയച്ചു
എംപിയുടെ വിവേചനപരമായ നിലപാടില്‍ പ്രതിഷേധിച്ച് ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. വിതരണം ചെയ്ത പുതപ്പുകളും മിഠായിപ്പൊതികളും ഗ്രാമവാസികള്‍ എംപിക്ക് തന്നെ തിരിച്ചയച്ചു. ‘ഞങ്ങള്‍ കഷ്ടപ്പെട്ട് ജീവിച്ചോളാം, പക്ഷേ വിദ്വേഷത്തിന് കീഴടങ്ങില്ല. ഇത് മനുഷ്യത്വരഹിതമാണ്,’ ഒരു പ്രദേശവാസി പറഞ്ഞു. രാജസ്ഥാന്‍ ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ പ്രതീകമാണെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി അത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കി.
ജനപ്രതിനിധികളുടെ പ്രതിഷേധം
സംഭവത്തെ ടോങ്ക്-സവായ് മധോപൂര്‍ എംപി ഹരീഷ് ചന്ദ്ര മീണ ശക്തമായി അപലപിച്ചു. ‘പാവപ്പെട്ടവനായാലും പണക്കാരനായാലും എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. മതം ചോദിച്ച് പുതപ്പ് തിരിച്ചുവാങ്ങിയത് അങ്ങേയറ്റം ലജ്ജാകരമാണ്. പത്ത് വര്‍ഷം ഇവിടുത്തെ എംപിയായിരുന്ന ഒരാള്‍ക്ക് വോട്ട് നല്‍കിയത് എല്ലാ വിഭാഗം ജനങ്ങളുമാണ്. അതിന് അദ്ദേഹം നല്‍കുന്ന പ്രതിഫലമാണോ ഇത്?’ അദ്ദേഹം ചോദിച്ചു. ഇത് ഭരണഘടനയെയും ബാബാസാഹേബ് അംബേദ്കറെയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും സംഭവത്തില്‍ പ്രതിഷേധിച്ചു. ഗ്രാമവാസികള്‍ കാട്ടിയ ഐക്യം വിദ്വേഷ രാഷ്ട്രീയത്തിനുള്ള മറുപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
എംപിയുടെ കോലം കത്തിച്ചു
കരേഡ ബുസുര്‍ഗ് ഗ്രാമപഞ്ചായത്തില്‍ ഗ്രാമവാസികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും മുന്‍ എംപിയുടെ കോലം കത്തിക്കുകയും ചെയ്തു. ചാരിറ്റിയുടെ പേരിലല്ല, മറിച്ച് തുല്യ നീതിക്കും ആദരവിനും വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി. വിദ്വേഷം പടര്‍ത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു.



