03
Mar 2026
Tue
03 Mar 2026 Tue
KP Unnikrishnan

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന്‍ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989-90 കാലത്ത് വി പി സിംഗ് സര്‍ക്കാരില്‍ ഉപരിഗതാഗത വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. ഇറാഖ് – കുവൈറ്റ് യുദ്ധകാലത്ത് കുവൈറ്റില്‍ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആറ് തവണ വടകര മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് വിജയിച്ചു. 1971ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വടകരയില്‍ നിന്നാണ് ആദ്യം ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും ലോക്‌സഭയില്‍ വടകരയുടെ പ്രതിനിധിയായി. കേരളത്തില്‍ ഒരേ ലോക്സഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി ഏറ്റവും അധികം തവണ വിജയിച്ച വ്യക്തി എന്ന പ്രത്യേകതയും കെ.പി ഉണ്ണികൃഷ്ണനുണ്ട്.

കോഴിക്കോട്ടെ പ്രമുഖ തറവാടായ പന്നിയങ്കര പത്മാലയത്തില്‍ അമ്മുക്കുട്ടി അമ്മയുടെയും കൊയിലാണ്ടിയില്‍ അഭിഭാഷകനായ കരുമത്തില്‍ പുത്തന്‍വീട്ടില്‍ ഇ. കുഞ്ഞിക്കണ്ണന്‍ നായരുടെയും മകനായി 1936 സെപ്റ്റംബര്‍ 20ന് കോയമ്പത്തൂരിലായിരുന്നു ജനനം. മദ്രാസ് പ്രസിഡന്‍സി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലെ പഠന കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി. നാഷനല്‍ യൂനിയന്‍ ഓഫ് സ്റ്റുഡന്‍സ് ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റായും ബോംബെ സമാജ്‌വാദി യുവക്‌സഭയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷം സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ അംഗമാകുന്നത് 1960ലാണ്. 1962 മുതല്‍ എ.ഐ.സി.സി. അംഗമായി. പഠനത്തിനുശേഷം പത്രപ്രവര്‍ത്തകനായായിരുന്നു ജീവിതം. ‘ബ്ലിറ്റ്‌സ്’, ശങ്കേഴ്‌സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ‘മാതൃഭൂമി’ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്നു.

ഡല്‍ഹിലെത്തിയ അദ്ദേഹം വി.കെ. കൃഷ്ണമേനോന്റെ ഒപ്പം പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനിരയിലെത്തി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് (യു)വിലേക്ക് ചേക്കേറി. പിന്നീട് കോണ്‍ഗ്രസ് (എസ്) ല്‍ എത്തിയ അദ്ദേഹം പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1995ലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. 1996ല്‍ വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. വൈകാതെ സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു.

മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണന്‍ ഐക്യരാഷ്ട്രസഭ അടക്കമുളള അന്താരാഷ്ട്രവേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. 1977ല്‍ അമൃത ഉണ്ണികൃഷ്ണനെ വിവാഹം കഴിച്ചു. രണ്ട് പെണ്‍മക്കളുണ്ട്.