03
Mar 2026
Tue
03 Mar 2026 Tue
us embassy in saudi

US urges citizens to immediately leave Middle East countries ഇറാനുമായുള്ള യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെ മധ്യപൂര്‍വ്വേഷ്യയിലെ 15 രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം (State Department) ആവശ്യപ്പെട്ടു. നിലവില്‍ ലഭ്യമായ വാണിജ്യ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി ‘ഇപ്പോള്‍ത്തന്നെ പുറപ്പെടുക’ (DEPART NOW) എന്നാണ് ഔദ്യോഗിക നിര്‍ദ്ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടസാധ്യതയുള്ള രാജ്യങ്ങള്‍

ബഹ്റൈന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), യമന്‍, കൂടാതെ വെസ്റ്റ് ബാങ്ക്, ഗസ എന്നിവിടങ്ങളിലുള്ള പൗരന്മാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അസാധാരണ നടപടി

സാധാരണഗതിയില്‍ എംബസികള്‍ വഴി നല്‍കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ക്ക് പകരം അസിസ്റ്റന്റ് സെക്രട്ടറി മോറ നാംദാര്‍ എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഇത് വാഷിംഗ്ടണിലെ നയതന്ത്ര വൃത്തങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ALSO READ: അമേരിക്കന്‍ പ്രതിരോധം പ്രതിസന്ധിയില്‍; മിസൈലുകള്‍ തീരുന്നു; ജപ്പാനിലെയും കൊറിയയിലെയും പ്രതിരോധ സംവിധാനങ്ങള്‍ പശ്ചിമേഷ്യയിലേക്ക്

ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ യുഎസ് എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഇതിനോടകം തന്നെ മാറ്റിയിട്ടുണ്ട്. കനത്ത സുരക്ഷാ ഭീഷണിയെത്തുടര്‍ന്നാണ് ഈ നീക്കം.

നിരവധി യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു

റിയാദിലെ യുഎസ് എംബസിയില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ച് തീപ്പിടിച്ചതിന് പിന്നാലെയാണ് പൗരന്മാരോട് രാജ്യം വിടാന്‍ അമേരിക്ക അടിയന്തര നിര്‍ദേശം നല്‍കിയത്. അതേസമയം, ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ആറായതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം പുറത്തുവരുന്നതിനേക്കാള്‍ എത്രയോ കൂടുതലാണെന്നാണ് റിപോര്‍ട്ട്.

മേഖലയിലുടനീളം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ പലയിടത്തും വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ എങ്ങനെ മടങ്ങും എന്നതില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നു.

പശ്ചാത്തലം

കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെയുള്ളവരെ വധിച്ച യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ നടത്തുന്ന ശക്തമായ തിരിച്ചടിയാണ് മേഖലയെ യുദ്ധക്കളമാക്കിയത്. ഈ പോരാട്ടം നാല് മുതല്‍ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച സൂചിപ്പിച്ചു.