ടെഹ്റാന്‍: ഇറാന്റെ ഏറ്റവും ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (IRGC) തലവനായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി ചുമതലയേറ്റു. ഇറാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കിടയിലാണ് വാഹിദിയുടെ ഈ നിയമനം. ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ഇറാന്റെ ഭൂരിഭാഗം സൈനിക നേതൃത്വവും വധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.
|
അപകടം പതിയിരിക്കുന്ന പദവി
ഐആര്‍ജിസി തലപ്പത്തുള്ളവര്‍ക്ക് മരണം എപ്പോഴും നിഴലായി കൂടെയുണ്ട്. 2020-ല്‍ ഖുദ്സ് ഫോഴ്സ് തലവന്‍ ഖാസിം സുലൈമാനി അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇതിന് ഉദാഹരണമാണ്. നിലവിലെ യുദ്ധത്തിന്റെ തുടക്കത്തില്‍, ഫെബ്രുവരി 28-ന് അന്നത്തെ ഐആര്‍ജിസി ചീഫ് മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടു. 2025 ജൂണിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഹൊസൈന്‍ സലാമിക്ക് പകരക്കാരനായാണ് പാക്പൂര്‍ എത്തിയത്. ഇപ്പോള്‍, സുലൈമാനിയെപ്പോലെയുള്ള ഇതിഹാസ നായകര്‍ പോലും നേരിട്ടിട്ടില്ലാത്ത തരത്തില്‍, ഒരു പൂര്‍ണ്ണ യുദ്ധത്തിനിടയില്‍ രാജ്യത്തെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് വാഹിദിക്കുള്ളത്.
ആരാണ് അഹമ്മദ് വാഹിദി?
1970-കളില്‍ ഐആര്‍ജിസിയുടെ രൂപീകരണ കാലം മുതല്‍ അതിന്റെ ഭാഗമായ വ്യക്തിയാണ് വാഹിദി. 1988 മുതല്‍ 1997 വരെ അദ്ദേഹം ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു. പിന്നീട് ഈ പദവി അദ്ദേഹം സുലൈമാനിക്ക് കൈമാറി. സൈനിക തന്ത്രജ്ഞന്‍ എന്നതിലുപരി മികച്ച രാഷ്ട്രീയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.
ALSO READ: യുഎസ് പോര്‍വിമാനം തകര്‍ത്തതായി ഇറാന്‍
മഹമൂദ് അഹമ്മദി നെജാദിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായും ഇബ്രാഹിം റെയ്സിയുടെ കാലത്ത് ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1980-കളില്‍ അമേരിക്കയുമായി രഹസ്യമായി ആയുധ ഇടപാടുകള്‍ നടത്തിയ ‘ഇറാന്‍-കോണ്ട്ര’ സംഭവത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിലൂടെ അമേരിക്കയെയും ഇസ്രായേലിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ഇദ്ദേഹമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
വിവാദങ്ങളും ആരോപണങ്ങളും
വാഹിദിയുടെ കരിയര്‍ വിവാദങ്ങളില്‍ നിന്നും മുക്തമല്ല. 1994-ല്‍ അര്‍ജന്റീനയിലെ ജൂത സാംസ്‌കാരിക കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്റര്‍പോള്‍ അദ്ദേഹത്തിനെതിരെ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിച്ചിരുന്നു. കൂടാതെ, 2022-ലെ മഹ്‌സ അമിനി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിന്റെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും അദ്ദേഹത്തിന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ഗാമികളെക്കാള്‍ ക്രൂരനും കര്‍ക്കശക്കാരനുമായ നേതാവായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാഹിദിയെ വിശേഷിപ്പിക്കുന്നത്.
ഐആര്‍ജിസിയിലെ സ്വാധീനം
ഇറാന്റെ ആഭ്യന്തര സുരക്ഷാ സ്ഥാപനങ്ങള്‍ക്കിടയിലുള്ള വാഹിദിയുടെ സ്വാധീനം ഈ യുദ്ധകാലത്ത് നിര്‍ണ്ണായകമാണ്. ഇറാന്റെ മുതിര്‍ന്ന നേതാക്കള്‍ ഒന്നൊന്നായി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍, സൈന്യത്തെയും ഉദ്യോഗസ്ഥ സംവിധാനത്തെയും ഏകോപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ രാഷ്ട്രീയ നേതൃത്വം വീണാല്‍ പോലും കീഴടങ്ങാതെ മുന്നോട്ട് പോവാന്‍ ഐആര്‍ജിസിയെ ഒരു സ്വതന്ത്ര സംവിധാനമായാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിന് നേതൃത്വം നല്‍കാന്‍ വാഹിദിയെ പോലെ മറ്റൊരാള്‍ക്ക് കഴിയില്ല.
‘ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിലനില്‍പ്പ് ഐആര്‍ജിസിയെ ആശ്രയിച്ചാണ്. ഇത്തരം ഒരു സാഹചര്യത്തെ നേരിടാനാണ് ആ സംഘടന രൂപീകരിച്ചത് തന്നെ. ഈ ആക്രമണങ്ങളെ അതിജീവിക്കാനും തിരിച്ചടിക്കാനുമുള്ള അവരുടെ കഴിവാകും ഇറാന്റെ ഭാവി നിര്‍ണ്ണയിക്കുക,’ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിറ്റിയിലെ നാദര്‍ ഹാഷിമി പറഞ്ഞു.





