IRIS Lavan at Kochi Port യുദ്ധ സാഹചര്യത്തില്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാനിയന്‍ യുദ്ധക്കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ പിടിയില്‍. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറ പേഴ്‌സണ്‍ മണി, ബോട്ട് ഡ്രൈവര്‍ വിജയകുമാര്‍ എന്നിവരെയാണ് ഹാര്‍ബര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
|
അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണ് നടപടി. ബോട്ടില്‍ കപ്പലിന് സമീപത്തെത്തിയ സംഘത്തെ സി.ഐ.എസ്.എഫ് തടയുകയും തുടര്‍ന്ന് പൊലിസിന് കൈമാറുകയുമായിരുന്നു. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ പൊലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഐറിസ് ലവന്‍ (IRIS Lavan) എന്ന ഇറാനിയന്‍ പടക്കപ്പലാണ് കൊച്ചിയിലുള്ളത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് മാര്‍ച്ച് 4-നാണ് കപ്പല്‍ കൊച്ചി തീരത്ത് അടുപ്പിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ പ്രത്യേക വിലയിരുത്തലിന് ശേഷമാണ് കപ്പലിന് കൊച്ചിയില്‍ നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. കൊച്ചി നേവല്‍ ബേസില്‍ താമസസൗകര്യം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് ഇന്ത്യ ഒരുക്കിയിട്ടുണ്ട്.
തകരാറുകള്‍ പരിഹരിക്കാന്‍ അനുമതി തേടി ഫെബ്രുവരി 28-ന് ഇറാന്‍ അധികൃതര്‍ ഇന്ത്യയെ സമീപിച്ചിരുന്നു. മാര്‍ച്ച് ഒന്നിനാണ് കേന്ദ്രം ഇതിന് ഔദ്യോഗികമായി അനുമതി നല്‍കിയത്.
തന്ത്രപ്രധാനമായ മേഖലയായതിനാല്‍ കപ്പലിനും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ വലയം ലംഘിച്ചതാണ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിലേക്ക് നയിച്ചത്.
നേരത്തേ നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാന്റെ മറ്റൊരു കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് വച്ച് അമേരിക്ക ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തിരുന്നു.





