09
Mar 2026
Sun
09 Mar 2026 Sun
Ali Larijani

American Soldiers Captured അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ കൂടുതല്‍ കടുക്കുന്നു. സംഘര്‍ഷത്തിനിടെ നിരവധി അമേരിക്കന്‍ സൈനികരെ ഇറാന്‍ തടവിലാക്കിയെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍. ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് ശനിയാഴ്ച രാത്രി വൈകി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഈ വാര്‍ത്ത അമേരിക്ക നിഷേധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചില അമേരിക്കന്‍ സൈനികരെ പിടികൂടിയിട്ടുണ്ടെന്നും അവര്‍ ഇറാനിയന്‍ ജയിലിലാണെന്നും ലാരിജാനി പറഞ്ഞു. കൊല്ലപ്പെട്ടുവെന്ന് അമേരിക്ക അവകാശപ്പെടുന്ന പലരും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ തടവിലാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

മരണസംഖ്യ മറച്ചുവെക്കുന്നു

കുവൈത്തിലെ കമാന്‍ഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് വാഷിംഗ്ടണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലാണെന്നും അപകടങ്ങള്‍ എന്ന പേരില്‍ അമേരിക്ക ഇത് പടിപടിയായി മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും ലാരിജാനി ആരോപിച്ചു.

അമേരിക്കയുടെ പ്രതികരണം

ഇറാന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് പ്രതികരിച്ചു. ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇറാന്റെ ശ്രമമാണിതെന്ന് അല്‍ ജസീറയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ഇറാനെതിരെ കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി.

‘ഇന്ന് ഇറാന്‍ കനത്ത തിരിച്ചടി നേരിടും’ എന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ ആക്രമണം കാരണമാണ് ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഇറാന്‍ അയല്‍രാജ്യങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കീഴടങ്ങില്ലെന്ന് പെസെഷ്‌കിയന്‍

ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. ഉപാധികളില്ലാത്ത കീഴടങ്ങല്‍ എന്നത് ശത്രുക്കളുടെ മോഹം മാത്രമായി അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിനും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നേരെ ഇറാന്‍ മിസൈല്‍ ആക്രമണം തുടരുന്നത് മേഖലയെ ഒരു വലിയ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.