പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60കാരന് ജീവപര്യന്തം തടവും പിഴയും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പരവൂര്‍ സ്വദേശിയായ സുരേന്ദ്ര കുറുപ്പിനെയാണ് കൊല്ലം അതിവേഗം സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി സമീര്‍ എ ആണ് ശിക്ഷ വിധിച്ചത്.
|
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയായ 15 വയസുകാരനെ പ്രതി പല ആവര്‍ത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയാതായാണ് റിപ്പോര്‍ട്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പോക്‌സോ വകുപ്പിന്റെയും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെയും മറ്റു വകുപ്പുകളിലായി 32 വര്‍ഷം കൂടി കഠിന തടവും 4.50 രൂപ പിഴയും വിധിയില്‍ പറയുന്നുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ 27 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. പ്രതി ഒടുക്കുന്ന പിഴയില്‍ 2 ലക്ഷം രൂപ ഇരയ്ക്ക് നല്‍കാന്‍ വിധിയില്‍ പറയുന്നു.
പരവൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിസാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാത്തന്നൂര്‍ എസിപി ഗോപകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത ആര്‍ ഹാജരായി. എഎസ്‌ഐമാരായ പ്രസന്ന ഗോപന്‍, സെലീനാ മഞ്ജു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകീകരിച്ചു.





