തൃശൂര്‍: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയില്‍ ചേരുന്നു. ഇന്ന് ഉച്ചയോടെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി അംഗത്വം സ്വീകരിച്ചേക്കും. നാട്ടികയില്‍ സി സി മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും.
|
നാട്ടികയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി സി മുകുന്ദന്‍ ബിജെപിയെ അങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്നാണ് വിവരം. നേരത്തെ മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പിന്നാലെയാണ് മുകുന്ദന്‍ ബിജെപിയിലേക്ക് ചേക്കേറുന്നത്.
നാട്ടികയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഗീതാ ഗോപിയുടേത് ‘പേയ്‌മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തിന് പിന്നാലെയാണ് സി സി മുകുന്ദനെ പുറത്താക്കിയത്. പിന്നാലെ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്ന് മുകുന്ദന്‍ പ്രഖ്യാപിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുകുന്ദന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമായും സി സി മുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജോസ് വള്ളൂര്‍ തയ്യാറായിരുന്നില്ല.
നാട്ടികയിലെ കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ സി സി മുകുന്ദനെതിരെ വികാരം ഉയര്‍ന്നിരുന്നു. സിപിഐ പുറത്താക്കിയ ‘സ്‌ക്രാപ്പ്’ തങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് എന്നായിരുന്നു സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആരോപണം.





