19
Mar 2026
Thu
19 Mar 2026 Thu
suresh gopi

Amrit Bharat Express ട്രെയ്‌നിന് സ്‌റ്റോപ്പ് അനുവദിച്ചത് ആഘോഷമാക്കാനുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശ്രമം പാളി. മംഗളൂരു അമൃത്ഭാരത് എക്‌സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് നടപ്പാക്കാന്‍ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ അണികളുണ്ടായില്ല. ട്രെയിന്‍ ഒരു മണിക്കൂര്‍ പിടിച്ചിട്ട് എത്തിയപ്പോഴാണ് ഈ ദുരവസ്ഥ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലാറ്റ്‌ഫോമിലിറങ്ങി 6 മിനിറ്റ് ചെലവഴിച്ച സുരേഷ് ഗോപി ആരെയും കാണാതെ ക്ഷുഭിതനായി അതേ ട്രെയിനില്‍ യാത്ര തുടര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 1.44ന് ആണ് സംഭവം. മന്ത്രിക്ക് കണ്ണൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെ സഞ്ചരിക്കാന്‍ അമൃത്ഭാരത് തലശ്ശേരിയില്‍ ഒരുമണിക്കൂര്‍ പിടിച്ചിടുകയും ചെയ്തു.

നാഗര്‍കോവില്‍ മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്ഭാരത് എക്‌സ്പ്രസിന് പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇത് സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലമാണെന്ന് ബിജെപിയും എംപിമാരുടെ ഇടപെടല്‍ വഴിയെന്ന് കോണ്‍ഗ്രസും അവകാശപ്പെട്ടിരുന്നു.

സ്റ്റോപ്പനുവദിച്ച ശേഷം മംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനില്‍ മൂന്നിടത്തും എത്താനായിരുന്നു മന്ത്രിയുടെ പ്ലാന്‍. സുരേഷ് ഗോപി എത്തുമെന്ന അറിയിപ്പ് ലഭിക്കുകയും സ്വീകരണത്തിന് ബിജെപി തയാറെടുപ്പ് നടത്തുകയും ചെയ്തു.

മന്ത്രി തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രതിരിച്ച് രാത്രി 10.36ന് കണ്ണൂരിലിറങ്ങി അവിടെനിന്ന് പുലര്‍ച്ചെ 12.50ന് അമൃത്ഭാരതില്‍ കയറാനായിരുന്നു പ്ലാന്‍. 1.19ന് പയ്യന്നൂര്‍, 1.37ന് നീലേശ്വരം, 1.49ന് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ എത്തുമെന്നും കാഞ്ഞങ്ങാട്ടുനിന്ന് താമസസ്ഥലമായ ബേക്കല്‍ താജിലേക്കു റോഡ് മാര്‍ഗം പോകുമെന്നുമായിരുന്നു അറിയിപ്പ്.

എന്നാല്‍, ചൊവ്വാഴ്ച വന്ദേഭാരത് എക്‌സ്പ്രസ് രണ്ടു മണിക്കൂറിലേറെ വൈകി. ഇതിനിടയില്‍ അമൃത്ഭാരത് 11.50ന് തലശ്ശേരിയിലെത്തി. അപ്പോള്‍ വന്ദേഭാരത് 64 കിലോമീറ്റര്‍ പിന്നിലായി കോഴിക്കോട്ട് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ, വന്ദേഭാരതിലുള്ള മന്ത്രി എങ്ങനെ അമൃത്ഭാരതില്‍ കയറുമെന്ന് അണികള്‍ക്കു സംശയമായി. ബിജെപി നേതാക്കളെയും റെയില്‍വേ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും മന്ത്രിയുടെ യാത്ര എങ്ങനെയായിരിക്കുമെന്ന കൃത്യമായ വിവരം ലഭിച്ചില്ല. ഇതോടെ, അര്‍ധരാത്രി വരെ കാത്തുനിന്ന അണികള്‍ മടങ്ങിപ്പോവുകയായിരുന്നു.

ഇതേസമയം, മന്ത്രി യാത്രചെയ്ത ട്രെയിന്‍ കടന്നുപോകാന്‍ വേണ്ടി അമൃത്ഭാരത് എക്‌സ്പ്രസ് തലശ്ശേരിയില്‍ ഒരുമണിക്കൂര്‍ പിടിച്ചിട്ടു. 12.51ന് വന്ദേഭാരതും സുരേഷ് ഗോപിയും കണ്ണൂരിലെത്തി. പിന്നാലെ അമൃത്ഭാരത് 1.09ന് കണ്ണൂരിലെത്തി; സുരേഷ് ഗോപി അതില്‍ കയറി. സ്വീകരണം പ്രതീക്ഷിച്ച് 1.44ന് പയ്യന്നൂരിലെത്തിയപ്പോള്‍ അവിടെ പ്ലാറ്റ്‌ഫോമില്‍ അണികളാരും ഉണ്ടായിരുന്നില്ല.