വലിയ പ്രചാരണ കോലാഹലവുമായി വന്ന ട്വന്റി-20ക്ക് വീണ്ടും അമളി. പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിന്റെ നാണക്കേട് മാറും മുമ്പ് മറ്റൊരു സ്ഥാനാര്‍ഥിക്ക് കൂടി സമാന പ്രതിസന്ധി. ചെങ്ങനാശ്ശേരിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സിനിമ താരം വീണ നായരുടെ പേരാണ് അവസാന ഘട്ടത്തില്‍ വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് വ്യക്തമായത്. ഇക്കാരണത്താല്‍ ഇരുവര്‍ക്കും മത്സരിക്കാന്‍ കഴിഞ്ഞേക്കില്ല.
|
അനിശ്ചിതത്വത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ മാറ്റിവെച്ചിരുന്നു. അവസാന നിമിഷത്തില്‍ ഉടലെടുത്ത പ്രതിസന്ധി പ്രചാരണ പരിപാടികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ടെങ്കിലും നടക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താനായി പാര്‍ട്ടി നേതൃത്വം അടിയന്തര ചര്‍ച്ചകള്‍ ആരംഭിച്ചു.
സിനിമ താരവും ‘അമ്മ’ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയെ വലിയ ആവേശത്തോടെയാണ് ട്വന്റി-20 പെരുമ്പാവൂരില്‍ അവതരിപ്പിച്ചത്. എന്നാല്‍ വോട്ടര്‍ പട്ടികയിലെ പേര് സംബന്ധിച്ച സാങ്കേതിക പ്രശ്‌നം തിരിച്ചടിയാവുകയായിരുന്നു.
നേരത്തെ ബിജെപി അനുകൂല നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ലക്ഷ്മിപ്രിയ, വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ട്വന്റി-20 സ്ഥാനാര്‍ഥിയായത്. പെരുമ്പാവൂര്‍ തന്റെ അയല്‍പക്കമാണെന്നും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാമെന്നും അവര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
സിനിമാ രംഗത്തെ പ്രമുഖരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ തന്റെ പ്രചാരണത്തിന് എത്തുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചിരുന്നു.എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനം ആയതിനുശേഷം മാത്രമേ ഇനി പ്രചാരണ രംഗത്ത് സജീവമാകാന്‍ ഇരുവര്‍ക്കും സാധിക്കൂ.
രണ്ടാമതൊരു താരത്തിന് കൂടി വോട്ടില്ലെന്ന് വ്യക്തമായതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ എന്നാണ് പലരുടെയും ചോദ്യം. ലക്ഷ്മി പ്രിയ ഇല്ലെങ്കില്‍ മമ്മൂട്ടിയും മോഹന്‍ ലാലും എന്ത് ചെയ്യും എന്നും ചിലര്‍ പരിഹസിച്ചു.




