കാസര്‍കോഡ്: എസ്ഡിപിഐ വോട്ട് വേണ്ടെന്ന വി.ഡി. സതീശന്റെ നിലപാട് തള്ളി മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്‌റഫ്. മഞ്ച്വേശ്വരത്ത് ആരുടെ വോട്ടും സ്വീകരിക്കുമെന്ന് അഷ്‌റഫ് വ്യക്തമാക്കി. ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കുന്നതില്‍ തെറ്റില്ല. പി.എം.എ. സലാം ഉള്‍പ്പെടെ ഈ നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും അഷ്‌റഫ് പറഞ്ഞു.
|
മഞ്ചേശ്വരത്ത് എസ്ഡിപിഐ സഹായം വേണ്ടെന്ന വി.ഡി. സതീശന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടില്ല. വിവാദങ്ങള്‍ ബിജെപിക്ക് സഹായകമായി മാറാന്‍ പാടില്ലെന്നും എ.കെ.എം. അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരത്ത് ഉള്‍പ്പെടെ കേരളത്തില്‍ എവിടെയും എസ്ഡിപിഐ വോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇത് തന്റെ വ്യക്തിപരമായ നിലപാട് അല്ലെന്നും പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടാണെന്നും വിഡി സതീശന്‍ വിശദീകരിച്ചിരുന്നു.
ബിജെപിക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന മഞ്ചേശ്വരത്ത് നിര്‍ണായക സാന്നിധ്യമുള്ള എസ്ഡിപിഐ വോട്ട് വേണ്ടെന്ന വിഡി സതീശന്റെ നിലപാട് ദുരൂഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപി ലത്തീഫ് ആരോപിച്ചിരുന്നു. ബിജെപിയെ സഹായിക്കുന്നതും യുഡിഎഫ് സീറ്റുകള്‍ കുറച്ച് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നതിനും വേണ്ടിയുള്ളതാണ് ഈ കളിയെന്നും സിപി ലത്തീഫ് ചൂണ്ടിക്കാട്ടിയിരുന്നു.
വിഡി സതീശന്‍ ഒറ്റപ്പെടുന്നു
അതിന് പിന്നാലെയാണ് വിഡി സതീശന്റെ നിലപാട് തള്ളി മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ഥി തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് കെസി വേണു ഗോപാലും വ്യക്തമാക്കിയിരുന്നു. ഇതോടെ എസ്ഡിപിഐ വോട്ടിന്റെ വിഷയത്തില്‍ വിഡി സതീശന്‍ പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെടുന്ന സ്ഥിതിയാണ്.





