08
Apr 2026
Wed
08 Apr 2026 Wed
palakkad shobha surendran cash for votes

പാലക്കാട്: വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത സ്ത്രീയെ അറിയില്ലെന്ന ശോഭ സുരേന്ദ്രന്റെ വാദം പൊളിഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാന്‍ വയോധികക്ക് പണം നല്‍കിയ സ്ത്രീ ശോഭ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ കോണ്‍ഗ്രസാണ് പുറത്തുവിട്ടത്. ഇതോടെ ശോഭ വീണ്ടും വെട്ടിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. എന്നാല്‍ പണം വിതരണം ചെയ്തയാളെ തനിക്ക് അറിയില്ലെന്നും ബി.ജെ.പിയുമായി ബന്ധമില്ലെന്നുമായിരുന്നു ശോഭ പറഞ്ഞത്.

സിമി സജീവ് എന്ന സ്ത്രീയാണ് പണം വിതരണം ചെയ്തത്. ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഇവരുടെ ഫോട്ടോ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എത്തിയപ്പോഴുള്ളതാണ്. മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ പങ്കെടുക്കാനും മാത്രം പാര്‍ട്ടിയില്‍ സ്വാധീനമുള്ളയാളാണ് സിമി സജീവ് എന്നാണ് വ്യക്തമാകുന്നത്.

ഈ ഫോട്ടോ ഇവരുടെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നതാണ്. ഇതേ യുവതി ശോഭയുടെ കാറില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തു വിട്ടു.

ALSO READ: അനുവാദമില്ലാതെ കപ്പലുകള്‍ ഹോര്‍മുസില്‍ പ്രവേശിച്ചാല്‍ തകര്‍ക്കുമെന്ന് ഇറാന്‍; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍

നേരത്തെ, തന്നെ വേട്ടയാടാനുള്ള ശ്രമമാണെന്നും കണ്ണാടി പഞ്ചായത്തില്‍ എത്തിയത് കാന്‍സര്‍ രോഗിയെ കാണാനാണെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ വാദം. പണം കൈമാറിയെന്ന് പറയുന്ന യുവതിയെ തനിക്ക് അറിയില്ലെന്നും ശോഭ പറഞ്ഞിരുന്നു.

കണ്ണാടി മേഖലയില്‍ ബി.ജെ.പി പണം വിതരണം ചെയ്യുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഡിയോ പകര്‍ത്തുകയായിരുന്നു. വീഡിയോ പകര്‍ത്തിയവരുടെ ചെപ്പക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങള്‍ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രന്‍ പെരുമാറിയത്. എന്നാല്‍, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകര്‍ത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂര്‍വമായാണ് സ്ഥാനാര്‍ഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.

കഴിഞ്ഞ ദിവസവങ്ങളിലായി പണം നല്‍കുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, വീഡിയോ പകര്‍ത്താന്‍ കഴിഞ്ഞതോടെയാണ് ഈ വിവരം സ്ഥീരീകരിച്ചത്. കലാശക്കൊട്ടില്‍ പങ്കെടുക്കുന്നവര്‍ക്ക് പണം നല്‍കുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. നിശബ്ദപ്രചാരണ ദിവസമായ ഇന്ന് രാവിലെ മുതല്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പാവപ്പെട്ടവരുടെ വീടുകളിലെത്തി പണം നല്‍കുകയായിരുന്നു.

കണ്ണാടി പഞ്ചായത്തിലെ കണ്ണനൂരില്‍ വെച്ചാണ് പണം നല്‍കുന്നത് പിടികൂടിയത്. കാലങ്ങളായി എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് കണ്ണാടി. കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പണം നല്‍കി വരുന്നതായി യു.ഡി.എഫ് ആരോപിച്ചിരുന്നു. എസ്.സി കോളനികള്‍, ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് വ്യാപകമായി പണം വിതരണം ചെയ്തതത്.

ഇലക്ഷന്‍ കമീഷന്‍ ഉദ്യോഗസ്ഥര്‍ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി തന്നെ വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.

ബി.ജെ.പി ഉത്തരേന്ത്യയിലുള്‍പ്പെടെ പണമൊഴുക്കി വോട്ട് സ്വന്തമാക്കന്നുണ്ടെന്നും ഈ ശൈലി കേരളം അംഗീകരിക്കില്ലെന്നും സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.