Kerala votes 2026 എസ്‌ഐആറിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് 9.30 ആയപ്പോഴേക്കും 17 ശതമാനം കടന്നു. ഭൂരിഭാഗം മണ്ഡലങ്ങളിലും കനത്ത പോളിങ് ആണ് നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും പോളിങ് 17 ശതമാനം കടന്നു. ഇത് ആര്‍ക്ക് അനകൂലമാകുമെന്ന നെഞ്ചിടിപ്പിലാണ് മൂന്ന് മുന്നണികളും.
|
ഭരണം തുടരുമെന്ന് ഇടതു മുന്നണിയും 100 സീറ്റിലധികം നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് യുഡിഎഫും തിരഞ്ഞെടുപ്പ് ദിനത്തിലും ആത്മ വിശ്വാസം പുറപ്പെടുവിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും ഭരണത്തിനാവശ്യമായ ഭൂരിപക്ഷം കിട്ടില്ലെന്നും എന്‍ഡിഎ നിര്‍ണായക ശക്തിയാവുമെന്നുമാണ് ബിജെപി അവകാശവാദം.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോന്‍, സുരേഷ് ഗോപി ഉള്‍പ്പെടെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എല്‍ഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു.
ഡാഷ് മോന്‍ അവരവര്‍ പൂരിപ്പിക്കട്ടെ: പിണറായി
രേവന്ത് റെഡ്ഡിക്ക് എതിരായ ഡാഷ് മോന്‍ പരാമര്‍ശത്തിലെ ഡാഷ് അവരവര്‍ പൂരിപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കാര്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഇദ്ദേഹമാണ്. ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തെപ്പറ്റി പറയാമെന്നും മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. പ്രതിപക്ഷ നേതാവ് വനവാസത്തിനു പോകുമോെയന്ന ചോദ്യത്തിനു വോട്ടെണ്ണിയ ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൂക്ക് സഭ വരും: രാജീവ് ചന്ദ്രശേഖര്‍
”നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. വലിയ മാറ്റം ജനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിശ്വാസം. ഞങ്ങള്‍ ചോദിക്കുന്ന അവസരം നിയമസഭയില്‍ പോയി ബഹളം വെക്കാനല്ല, കംപ്യൂട്ടര്‍ തകര്‍ക്കാനല്ല, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ വോട്ട് ചോദിക്കുന്നത്. കേരളത്തില്‍ തൂക്കുസഭ വരും. ബിജെപി നിര്‍ണായക ശക്തിയായി മാറും” രാജീവ് ചന്ദ്രശേഖര്‍.
ജനകീയ കോടതി ശിക്ഷിക്കും: കെസി വേണുഗോപാല്‍
അയ്യപ്പന്റെ സ്വര്‍ണം കട്ടവരെയും ജനങ്ങളെ പ്രളയത്തില്‍ മുക്കിക്കൊന്നവരെയും ജനകീയ കോടതി ശിക്ഷിക്കുന്ന ദിവസമാണിതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കേരളം ഭരിക്കാന്‍ ഞാനല്ലാതെ മറ്റാരുണ്ട് എന്ന പിണറായി വിജയന്റെ അഹങ്കാരത്തിനെതിരെ കേരളം ഇന്നു വിധിയെഴുതും. 10 കൊല്ലം സഹിച്ചു. ഇനി 5 കൊല്ലം കൂടി സഹിക്കാനാകില്ല എന്ന് ജനം തീരുമാനിക്കും. കേരളത്തെ പണം കൊടുത്തു വാങ്ങാമെന്നു ബിജെപി കരുതിയിട്ടുണ്ടെങ്കില്‍ അതിനുള്ള തിരിച്ചടിയും ജനം നല്‍കും. രാവിലെ മുതലുള്ള കനത്ത പോളിങ് കേരളത്തില്‍ യു ഡി എഫ് തരംഗം അലയടിക്കുമെന്നതിന്റെ സൂചനയാണ് – കെ.സി. പറഞ്ഞു.




