അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലെത്തിയ ഇറാന്‍ പ്രതിനിധി സംഘം ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്നത് യുദ്ധത്തിന്റെ ഭീകരമായ ഓര്‍മ്മപ്പെടുത്തലുകളിലൂടെയാണ്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം, യുദ്ധത്തില്‍ കൊല്ലപ്പെട്ട കുരുന്നുകളുടെ ചോരപുരണ്ട സ്‌കൂള്‍ ബാഗുകളും ഷൂസുകളും ചിത്രങ്ങളുമായാണ് ഇസ്ലാമാബാദിലെത്തിയത്.
|
വിമാനത്തിലെ മുന്‍നിര സീറ്റുകളില്‍ ഈ സ്മരണികകള്‍ വെച്ചിരിക്കുന്ന ചിത്രം ഖാലിബാഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘#Minab168’ എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. യുദ്ധത്തിന്റെ ആദ്യദിനം മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 168 കുട്ടികളുടെ സ്മരണയ്ക്കായാണ് സമാധാന ചര്‍ച്ചയ്ക്കായുള്ള ഇറാന്‍ സംഘത്തിന് ‘മിനാബ് 168’ എന്ന് പേരിട്ടിരിക്കുന്നത്.
എന്താണ് മിനാബില്‍ സംഭവിച്ചത്?
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ന് തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ ‘ഷജറേ തയ്യിബെ’ എന്ന പ്രൈമറി സ്‌കൂളിന് നേരെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 160-ലധികം പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പകല്‍വെളിച്ചത്തില്‍ കുട്ടികള്‍ ക്ലാസ്സിലിരിക്കുമ്പോഴായിരുന്നു ഈ ആക്രമണം. ഈ കുരുന്നുകള്‍ക്കായി കൂട്ടക്കല്ലറകള്‍ ഒരുക്കുന്ന ചിത്രം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പങ്കുവെച്ചിരുന്നു.
എന്നാല്‍, ഈ ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിഷേധിച്ചു. ഇറാന്റെ പക്കലുള്ള മിസൈലുകളുടെ കൃത്യതയില്ലായ്മ കാരണം അവര്‍ തന്നെ നടത്തിയ ആക്രമണമാണിതെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍, ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ സൈന്യത്തിന് ലക്ഷ്യം തെറ്റിയതിനെത്തുടര്‍ന്ന് ടോമാഹോക്ക് (Tomahawk) മിസൈല്‍ സ്‌കൂളിന് മേല്‍ പതിക്കുകയായിരുന്നു. യുദ്ധത്തില്‍ ടോമാഹോക്ക് മിസൈലുകള്‍ ഉപയോഗിക്കുന്ന ഏക രാജ്യം അമേരിക്കയാണ്.
ഇസ്ലാമാബാദിലെ സമാധാന ചര്‍ച്ചകള്‍
ഇറാന്‍ മുന്നോട്ടുവെച്ച പത്ത് ഇന വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശനിയാഴ്ച ഇസ്ലാമാബാദില്‍ ആരംഭിക്കും. സ്പീക്കര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള 14 അംഗ ഇറാന്‍ സംഘത്തെ പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍, കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അമേരിക്കന്‍ ഭാഗത്തുനിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 2011-ല്‍ ജോ ബൈഡന്‍ സന്ദര്‍ശിച്ചതിന് ശേഷം പാകിസ്ഥാനിലെത്തുന്ന ആദ്യ അമേരിക്കന്‍ വൈസ് പ്രസിഡന്റാണ് ജെ.ഡി. വാന്‍സ്. ഈ ചര്‍ച്ചകള്‍ പശ്ചിമേഷ്യയിലെ യുദ്ധത്തിന് അറുതി വരുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.





