കൊച്ചി: തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന് ഇനിയും ഉറപ്പിച്ച് പറയാനായിട്ടില്ല. മിക്ക സര്‍വേകളും ബലാബലം ആണ് പ്രവചിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണമെന്നതിനെ കുറിച്ച് ഇപ്പോഴേ തര്‍ക്കം തുടങ്ങി.
|
എറണാകുളം ഡിഡിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങിവെച്ചത്. മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ നിന്ന് വേണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നായിരുന്നു മുഹമ്മദ് ഷിയാസ് പറഞ്ഞത്. വിഡി സതീശന്റെ അടുത്ത അനുയായി ആണ് ഷിയാസ്. തുടക്കത്തില്‍ സീറ്റ അനുവദിക്കാതിരുന്ന ഷിയാസിന് സതീശന്‍ വാശി പിടിച്ചാണ് സീറ്റ് വാങ്ങിക്കൊടുത്തത്. സതീശന് വേണ്ടിയാണ് ഷിയാസിന്റെ നീക്കമെന്ന് വ്യക്തമാണ്.
ഇതിന് പിന്നാലെ ഷിയാസിനെ തിരുത്തി കെപിസിസി വൈസ് പ്രസിഡന്റും കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം ലിജു രംഗത്തെത്തിയിരുന്നു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുഹമ്മദ് ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റായതിനാല്‍ അഭിപ്രായത്തിന് പിന്നില്‍ പ്രാദേശികമായ വികാരമായിരിക്കുമെന്നുമായിരുന്നു ലിജുവിന്റെ പ്രതികരണം. തീരുമാനം ഹൈക്കമാന്‍ഡ് പറയും. ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും എം ലിജു പ്രതികരിച്ചിരുന്നു.
പരസ്യ പ്രതികരണം ഒഴിവാക്കണം
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പിന്തിരിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളെ വേദനിപ്പിക്കാനും നിരാശരാക്കാനും തയാറാകാതിരിക്കുന്നതാണ് ഉചിതമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെ സി ജോസഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ കോണ്‍ഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കും. അതേപ്പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാണിച്ചു.
യുഡിഎഫിനുള്ള വിജയം എല്ലാവരുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച കെ സി ജോസഫ് യുഡിഎഫിനെ നയിച്ചവര്‍ക്കും അനുകൂലിച്ചവര്‍ക്കും എല്ലാം ഈ വിജയത്തില്‍ പങ്കുണ്ടെന്നും വ്യക്തമാക്കി. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ യു ഡി എഫ് മുന്നോട്ടു പോകണമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേല്‍പ്പിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കെ സി ജോസഫ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ
മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവ് വി എം സുധീരനും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു രീതിയുണ്ട് ആ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകും ഹൈക്കമാന്‍ഡ് കൃത്യമായ തീരുമാനം എടുക്കും എന്നായിരുന്നു വി എം സുധീരന്റെ പ്രതികരണം.
മുഖ്യമന്ത്രി ആരായിരിക്കും എന്ന ചര്‍ച്ചയിലേക്ക് അനാവശ്യമായി പോയി ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് കെ മുരളീധരനും പ്രതികരിച്ചിരുന്നു. ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത് എന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.




