പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ പോലീസില്‍ പരാതി നല്‍കിയ ആലപ്പുഴ ബിജെപി നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ബിന്ദുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തത്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
|
പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തിന് പിന്നില്‍ ബിന്ദു വിനയകുമാറാണെന്ന് ആരോപിച്ചു ശോഭാ സുരേന്ദ്രന്‍ ഇവരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു ഇതിനെതിരെയാണ് ബിന്ദു പൊലീസില്‍ പരാതി നല്‍കിയത്. വോട്ടിന് പണം നല്‍കിയ സംഭവം തന്റെ തലയിലാക്കാന്‍ ശ്രമിക്കുന്നെന്നും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് ബിന്ദു വിനയകുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ശോഭാ സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണമടക്കമാണ് പരാതി. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും ബിന്ദു ആരോപിച്ചു. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ പണപ്പിരിവ് നടത്തുന്നെന്നും ബിന്ദു ആരോപണം ഉയര്‍ത്തി. ശോഭാ സുരേന്ദ്രന്‍ പക്ഷത്തെ എതിര്‍ത്തതിന്റെ വൈരാഗ്യമാണ് തന്നെ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ കാരണമെന്നും ബിന്ദു പറഞ്ഞു.
ALSO READ: ഇടത് ഭരണം വീഴുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്; എല്‍ഡിഎഫിന് നെഞ്ചിടിപ്പേറ്റുന്ന കണക്കുകള്‍ ഇങ്ങനെ


