പാക് മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുമായി വീണ്ടും ചര്‍ച്ചകള്‍ക്കൊരുങ്ങി യുഎസ്. പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് ഇറാനുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചതായി യുഎസ് മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 28ന് തുടങ്ങിവച്ച യുദ്ധം ആറാഴ്ച പിന്നിടുമ്പോഴും അന്ത്യം കാണാനാവാതെ തുടരുമ്പോഴാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ട്രംപ് വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലായിരുന്നു യുഎസ് സംഘം നേരത്തേ ഇസ് ലാമാബാദില്‍ ചര്‍ച്ചയ്‌ക്കെത്തിയത്.
|
യുഎസും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെ തുടര്‍ന്നുണ്ടായ ഇന്ധനപ്രതിസന്ധിയാണ് ട്രംപിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. എവിടെ വച്ചാണ് ചര്‍ച്ച നടക്കുകയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. മിക്കവാറും വ്യാഴാഴ്ച ചര്‍ച്ച നടക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
ഹോര്‍മുസ് കടലിടുക്ക് ഉപരോധം ആരംഭിച്ചതായും ഇറാനിലേക്ക് വരികയും പോവുകയും ചെയ്യുന്ന കപ്പലുകളെ ആക്രമിക്കുമെന്നും യുഎസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിരവധി യുദ്ധക്കപ്പലുകള്‍ വിന്യസിച്ചാണ് ട്രംപിന്റെ ഈ ഭീഷണി. തങ്ങളുടെ തുറമുഖങ്ങള്‍ ആക്രമിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ തുറമുഖങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണി ഇറാനും നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പല്‍ ഇറാന്റെ ആക്രമണഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞദിവസം പിന്‍വാങ്ങുകയും ചെയ്തിരുന്നു.
ALSO READ: കോഴിക്കോട്ട് 16കാരിയെ ശ്വാസംമുട്ടിച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി





