16
Apr 2026
Thu
16 Apr 2026 Thu
PARLIAMENT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മെഗ്വാളാണ് ബില്‍ അവതരിപ്പിക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലെ ബില്‍ പാസാവുകയുള്ളൂ. വനിതാ സംവരണ ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, കേന്ദ്ര ഭരണ നിയമ ഭേദഗതി ബില്‍ എന്നിങ്ങനെ മൂന്ന് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. മൂന്ന് ബില്ലുകളെയും എതിര്‍ത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബില്‍ പാസാകുന്നതോടെ ലോക്‌സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യും. പട്ടികജാതി/വര്‍ഗ വനിതകളെക്കൂടി ഉള്‍പ്പെടുത്തിയാണിത്. ലോക്‌സഭയിലെ അംഗബലം 850 ആകും. വനിതാപ്രാതിനിധ്യം 284 വരെയാകും. വനിതാസംവരണ സീറ്റുകള്‍ റോട്ടേഷന്‍ വ്യവസ്ഥയിലാണ് നിശ്ചയിക്കുക. 15 വര്‍ഷത്തേക്കാണ് വനിതാ സംവരണം.

നിലവില്‍, ബില്ലിന്മേല്‍ ലോക്‌സഭയില്‍ 18 മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്. ചര്‍ച്ചയുടെ ആദ്യദിനമായ ഇന്ന് പ്രധാനമന്ത്രി സഭയില്‍ സംസാരിക്കും. ഇതിന്റെ തുടര്‍ച്ചയായി രാജ്യസഭയില്‍ 16 മണിക്കൂറാണ് ചര്‍ച്ചക്ക് നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്നു ഭേദഗതി ബില്ലുകളാണ് 16 മുതല്‍ 18 വരെ നീളുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

ALSO READ: പത്താം ക്ലാസ് ഫലം ഒരു മാസം നേരത്തേ; പെണ്‍കുട്ടികള്‍ മുന്നില്‍

131 -ാം ഭരണഘടനാ ഭേദഗതി ബില്‍, ഡിലിമിറ്റേഷന്‍ ബില്‍, കേന്ദ്രഭരണ പ്രദേശ ഭേദഗതി എന്നിവയാണ് അവതരിപ്പിക്കുക. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ തന്നെ മണ്ഡല പുനഃക്രമീകരണം നടത്തുമെന്നാണ് ബില്ലില്‍ പറയുന്നത്.

543 അംഗ ലോക്സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലെ ബില്‍ പാസാവുകയുളളു. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതിനാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാകില്ല. 244 അംഗ രാജ്യസഭയില്‍ 163 പേരുടെ പിന്തുണ ലഭിച്ചാലേ ബില്‍ പാസാവുകയുളളു. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ 141 അംഗങ്ങളാണുളളത്.

കേന്ദ്ര ബില്ലിനെതിരെ പ്രതിഷേധിച്ച് ഇന്ന് ഡിഎംകെ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ചാകും പാര്‍ലമെന്റിലെത്തുക. മണ്ഡല പുനര്‍നിര്‍ണയത്തില്‍ തമിഴ്‌നാടിനെ കേട്ടില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധത്തിലും സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരുന്നു. എല്ലാ വീട്ടിലും കരിങ്കൊടി ഉയര്‍ത്താനാണ് സ്റ്റാലിന്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയര്‍ത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല പുനര്‍നിര്‍ണയം ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് വനിതാ സംഭരണ ബില്‍ ഭേദഗതിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

വനിത സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതിയുടെ പിന്നില്‍ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് സര്‍ക്കാറിനുള്ളതെന്നും, പ്രതിപക്ഷം അത് പരാജയപ്പെടുത്തണമെന്നും രാജ്യസഭാ എം.പി കപില്‍ സിബല്‍. മണ്ഡല പുനര്‍നിര്‍ണയം അനുകൂലമാക്കി പരുവപ്പെടുത്തി തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി ഒരുക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികളെ അദ്ദേഹം ഓര്‍മിപ്പിച്ചു.

വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലോക്സഭയില്‍ നിലവിലുള്ള 543 സീറ്റുകളില്‍ വനിതകള്‍ക്ക് സംവരണം നല്‍കാനുള്ള ബില്ലാണ് സര്‍ക്കാര്‍ കൊണ്ടുവരേണ്ടത്. ബി.ജെ.പി എന്ത് ചെയ്താലും രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ ക്കണ്ടാണ്. ഗുണകരമാകുമെന്ന് ബോധ്യമാകുമ്പോഴാണ് അവര്‍ ബില്‍ അവതരിപ്പിക്കുക. 2026നുശേഷം സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും പൂര്‍ത്തിയാക്കിയ ശേഷം വനിത സംവരണ നിയമം നടപ്പാക്കാമെന്ന ലക്ഷ്യത്തിലാണ് 106ാം ഭരണഘടനാ ഭേദഗതി ബില്ലിലെ 334-എ വകുപ്പ് അവതരിപ്പിച്ചത്. പാര്‍ലമെന്റ് അത് ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.